സ്വന്തം അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈന്‍ വഴി ബോംബ്‌ വാങ്ങിയ ഇന്ത്യാക്കാരന്‍ യു കെയില്‍ അറസ്റ്റില്‍

ലണ്ടന്‍ : സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ വഴി ബോംബ്‌ വാങ്ങിയ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്‍ധാവയാണ് പിടിയിലായത്. കോടതി ഇയാള്‍ക്ക് എട്ടു വര്‍ഷം ശിക്ഷ വിധിച്ചു. കാമുകിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് വംശജനായ അച്ഛനെ കൊല്ലാന്‍ പത്തൊമ്പതുകാരന്‍ തീരുമാനിക്കുന്നത്. ഓണ്‍ലൈന്‍ വഴി കാര്‍ ബോംബ്‌ ആണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇത് നിരീക്ഷിച്ച യുകെയിലെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു ഇതിനു പകരം വെച്ച് ഡെലിവറി ചെയ്യുകയായിരുന്നു.

കാമുകിയോടൊപ്പം ജീവിക്കാനും സര്‍വ്വകലാശാലയില്‍ പഠനം തുടരാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നിങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ആഗ്രഹിച്ച കാര്യം നേടാന്‍ സ്വന്തം അച്ഛന്റെ ജീവന്‍ അപകടപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന്” വിധി പുറപ്പെടുവിക്കവെ ജഡ്ജി പറഞ്ഞു. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ് ഓണ്‍ലൈനായി കാര്‍ബോംബിന് ഗുര്‍ജിത് ഓര്‍ഡര്‍ ചെയ്യുന്നത്. ലിവർപൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി അവസരം ലഭിച്ചിരിക്കെയാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ഗുര്‍ജിതിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കുമായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍. സിഖ് വംശജന്‍ ആണ് ഇയാളുടെ അച്ഛന്‍.