എന്‍ഫോഴ്‌സ്‌മെന്റിന് പരിശോധന നടത്താന്‍ അധികാരമില്ല എന്ന് ചിദംബരം

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാർത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും എൻഫോഴ്സ്മെന്‍റ് വിഭാഗം വീണ്ടും റെയ്ഡ് നടത്തി. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. മുമ്പ് ചിദംബരത്തിന്‍റെയും കാര്‍ത്തിയുടെയും നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. അതേസമയം സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് ചിദംബരം രംഗത്ത് വന്നു.

ഇത്തരമൊരു പരിശോധനയ്ക്ക് യാതൊരു അധികാരവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ എഫ്‌ഐആര്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. ചെന്നൈയിലെ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഡല്‍ഹിയിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത് പരിഹാസ്യമാണ്. കാര്‍ത്തി താമസിക്കുന്നത് ഡല്‍ഹിയിലെ വീട്ടിലാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവിടെ റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ചിദംബരം വ്യക്തമാക്കി. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. എന്നാല്‍ പരിശോധനയെ ന്യായീകരിക്കാന്‍ പഴയ ചില കടലാസുകള്‍ അവര്‍ കൊണ്ടുപോയി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇത്തരമൊരു പരിശോധനയ്ക്ക് യാതൊരു അധികാരവുമില്ല- ചിദംബരം പറഞ്ഞു.