ഓഖി ദുരന്തം ; ഇനിയും 324 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്താന്‍ ഉണ്ട് എന്ന് ലത്തീന്‍ സഭ

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളില്‍ 324 പേര്‍ കൂടി ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ സഭ അറിയിച്ചു. സഭ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് നിന്നും തിരിച്ച് എത്താതവര്‍ 111 പേരാണ്. കേരളത്തില്‍ നിന്നും മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയാണ് 324പേര്‍. കാണാതായവരെ സംബന്ധിച്ച് സഭ ശേഖരിച്ച വിവരങ്ങള്‍ ഫിഷറീസ്, റവന്യു, ടൂറിസം തുടങ്ങിയ വകുപ്പുകള്‍ക്കും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുമ്പുതന്നെ നല്‍കിയിട്ടുണ്ട്.

കണ്ടെതത്താനുള്ളവരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സഭ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും ഈ വിവരങ്ങള്‍ കൈമാറാന്‍ കേരളം തയാറായിട്ടില്ലെന്നും കെആര്‍എല്‍സിസി യോഗം ആരോപിച്ചു. തൂത്തൂര്‍ മേഖലയില്‍ നിന്ന് മാത്രം 136 മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ട്. ഇതില്‍ മിക്ക ആളുകളും കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണെന്നും ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര അറിയിച്ചു.