ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. അടുത്ത ശ്രേണി മുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് ശൂന്യമായി നിലനിര്‍ത്താനുള്ള നടപടി വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനാണെന്നും വിദേശകാര്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി. നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജില്‍ ഉടമസ്ഥന്റെ ഫോട്ടോയും മറ്റു വിവരങ്ങളും അവസാന പേജില്‍ മേല്‍വിലാസവുമാണ് നല്‍കിയിരിക്കുന്നത്. അവസാന പേജിലെ വിവരങ്ങള്‍ ഒഴിവാക്കുന്നത് പാസ്‌പോര്‍ട്ട് ഉടമയെ ബാധിക്കില്ല. 2012 മുതലുള്ള എല്ലാ പാസ്‌പോര്‍ട്ടിനും ബാര്‍ കോഡുകളുണ്ട്. ഈ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുവഴി ഉടമയുടെ വിവരങ്ങള്‍ ലഭ്യമാണ്. അതേസമയം അടുത്ത ശ്രേണിയില്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് മാറ്റമുണ്ടാകുമെങ്കിലും നിലവില്‍ പാസ്‌പോര്‍ട്ട് എടുത്തവര്‍ക്ക് കാലാവധി കഴിയുന്നതുവരെ നിലവിലുള്ള രീതി തുടരാം.
പാസ്‌പോര്‍ട്ടിന്റെ കളറിലും മാറ്റങ്ങള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമായി മറ്റു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടവര്‍ക്കും വെള്ള നിറവും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ചുവപ്പും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും നീല നിറവുമാണ്. ഇതില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള വിഭാഗങ്ങളുടെ പാസ്‌പോര്‍ട്ട് ഓറഞ്ച് നിറത്തിലാക്കാനാണ് തീരുമാനം. ഇത് ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കാന്‍ സഹായിക്കുമെന്നും സുരേന്ദ്ര കുമാര്‍ പറഞ്ഞു.