മുംബൈയിലെത്തി മുംബൈയെ തളച്ചു കേരളം
ഡല്‍ഹിയെ ആക്രമിച്ചു കീഴടക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത മത്സരത്തില്‍ മുംബൈയെ തകര്‍ത്തു. കേരളത്തിന്റെ ഒരു ഗോളിന് മറുപടിയില്ലാതെ മുംബൈ കീഴടങ്ങി. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇത്. മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിസ് വന്നതിനുശേഷം ടീം നേടുന്ന തുടച്ചയായ രണ്ടാം ജയമാണിത്. ഈ ജയത്തോടെ പത്ത് കളികളില്‍ നിന്ന് പതിനാല് പോയിന്റായി ബ്ലാസ്‌റ്റേഴ്‌സിന്. അവര്‍ ആറാം സ്ഥാനത്തേയ്ക്ക് കയറി. മുംബൈയ്ക്കും പതിനാല് പോയിന്റാണുള്ളത്. മികച്ച ഗോള്‍ശരാശിയുള്ള അവര്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. അത്‌ലറ്റിക്കോയെയാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആര്‍പ്പുവിളികളാല്‍ മുഖരിതമായ അന്തരീക്ഷമായിരുന്നു മുംബൈ ഫുട്‌ബോള്‍ അരീനയില്‍. ഇത് കേരളത്തിന്റെ ഹോംമാച്ച് ആണോ എന്നുപോലും സംശയമുളവാകുമാറായിരുന്നു സ്‌റ്റേഡിയത്തിലെ ആരവം.
ഏത് ഗ്രൗണ്ടും ഞങ്ങള്‍ക്ക് ഹോംഗ്രൗണ്ടുതന്നെ എന്ന ബാനര്‍ ബാനര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് ഉയര്‍ന്നുകണ്ടു. 23 മിനിറ്റില്‍ സിഫിനിയോസിനെ ഫൗള്‍ ചെയ്തതിന് ഒരു ഫൗള്‍ കിക്ക് ലഭിക്കുന്നു ബ്ലാസ്‌റ്റേഴ്‌സിന്. മുംബൈ കളിക്കാര്‍ ഒരുങ്ങിനില്‍ക്കും മുന്‍പ് തന്നെ പെക്യുസന്‍ അല്‍പം മുന്നോട്ടുകയറി പന്ത് ഹ്യൂമിന് തട്ടിക്കൊടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് മുംബൈക്കാര്‍ അറിയും മുന്‍പ് തന്നെ ഹ്യൂം പ്രതിരോധഭിത്തി കടന്ന് ബോക്‌സിലെത്തി. ഗോളി ഓടി മുന്നോട്ടു കയറിയെങ്കിലും ഇടത്തെ പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്യാന്‍ മികച്ച സ്‌കോറിങ് മെഷിനായി ഹ്യൂമിന് ഏറെ സാഹസപ്പെടേണ്ടി വന്നില്ല.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇയാന്‍ ഹ്യൂം ഹീറോ ഓഫ് ദി മാച്ചായത് അദ്ദേഹത്തിന്റെ അധ്വാനത്തിന് ലഭിച്ച പ്രതിഫലമായി.