ശ്രീജിത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സഖാക്കള്‍ ഇതിനു കൂടി മറുപടി തരണം ; കരഞ്ഞ് കാലുപിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ

സഹോദരന്റെ കൊലപാതകികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തില്‍ ഏറെയായി സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ. ഇന്ന് ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയഭേദമില്ലാതെ ആയിരങ്ങളാണ് സെക്രട്ടറിയേറ്റിനു മുന്‍പില്‍ അണിചേര്‍ന്നത്. ഒരു പാര്‍ട്ടിയുടെയും പിന്‍ബലം ഇല്ലാതെയാണ് ശ്രീജിത്ത് തന്‍റെ സമരം തുടങ്ങിയതും ഇതുവരെ കൊണ്ടെത്തിച്ചതും. ശ്രീജിത്ത് അവിടെ സമരം തുടരുവാന്‍ കാരണം മാറിവന്ന സര്‍ക്കാരുകള്‍ തന്നെയാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജീഷ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. അതിനു ശേഷം മാറി വന്ന സര്‍ക്കാരും വിഷയത്തില്‍ ഒരു തീരുമാനവും കൊണ്ടുവന്നില്ല. നഷ്ടപരിഹാരമായി പത്തുലക്ഷം ലഭിച്ചു എന്നതാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ ഏക മറുപടി. കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കാനോ അവരുടെ കുറ്റം തെളിയിക്കാനോ ഇരു സര്‍ക്കാരുകളും യാതൊന്നും ചെയ്തില്ല. അതുപോലെ തന്നെയാണ് ഇപ്പോള്‍ കൂടെ നില്‍ക്കുന്ന സോഷ്യല്‍ മീഡിയയും പല തവണ പല മാധ്യമങ്ങള്‍ ശ്രീജിത്തിന്‍റെ കഥ പുറത്തു കൊണ്ട് വന്നിട്ടും തിരിഞ്ഞു നോക്കിയില്ല. അവസാനം ഒരു കൂട്ടം യുവാക്കളുടെ പ്രയത്നഫലമായാണ് ഈ വിഷയം ഇത്രമാത്രം ജനശ്രദ്ധ ആകര്‍ഷിച്ചത്.

അതിനു തൊട്ടു പിന്നാലെ സര്‍ക്കാരിനെ സംരക്ഷിക്കുവാനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും പാര്‍ട്ടി രംഗത്ത് വന്നത് വിഷയത്തിന്റെ ഉദേശശുദ്ധിയെ നല്ലതുപോലെ ബാധിച്ചു. അതിന്‍റെ ബാക്കി പത്രമായിരുന്നു കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കാണുവാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ശ്രീജിത്തിന്‍റെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവര്‍ ആക്ഷേപിച്ച് വിട്ടത്. അതിനു പിന്നാലെ വിഷയത്തിനെ വേറൊരു തലത്തില്‍ എത്തിച്ച് കമ്മ്യൂണിസ്റ്റ് സൈബര്‍ പോരാളികള്‍ ചെന്നിത്തലയ്ക്ക് എതിരെ ആക്ഷേപവുമായി രംഗത്ത് വന്നു. ഇതോടെ ഒരു വിഭാഗം ആളുകള്‍ അവര്‍ക്ക് മറുപടിയുമായി വരുകയും ശ്രീജിത്തിന്‍റെ ഉദ്ധേശ ശുദ്ധിയെ തന്നെ സംശയിക്കുന്ന നിലയില്‍ വിഷയത്തിനെ കൊണ്ടെത്തിക്കുകയും ചെയ്തു.

എന്നാല്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ ഇടപെടല്‍ മൂലമാണ് ആരും തിരിഞ്ഞു നോക്കാതെ കിടന്ന ശ്രീജിത്തിന്‍റെ വിഷയത്തില്‍ സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. എന്നാല്‍ വെറും പ്രഖ്യാപനത്തില്‍ അതെല്ലാം ഒതുങ്ങി. സര്‍ക്കാര്‍ ഈ വിഷയം മറക്കുകയും ചെയ്തു. അതേസമയം സര്‍ക്കാര്‍ ചെയ്യേണ്ടത് എല്ലാം ചെയ്തിരുന്നു എന്ന പോസ്റ്റുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ശ്രീജിത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പോലും ഇടപെട്ടിട്ടില്ല എന്നാണു എഷ്യാനെറ്റ് ന്യൂസ് ഇപ്പോള്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ശ്രീജിത്തിന്‍റെ അമ്മയുടെ അഭിമുഖത്തിലാണ് കരഞ്ഞ് കാലുപിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചില്ല എന്ന് ശ്രീജിത്തിന്റെ അമ്മ വെളിപ്പെടുത്തിയിരിക്കുന്നത്.

മകന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അവസ്ഥ പറയാന്‍ താന്‍പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ പറയുന്നു. പക്ഷേ കാണാന്‍ അനുവദിച്ചില്ല. പരാതി ഉണ്ടെങ്കില്‍ അത് ഓഫീസില്‍ കൊടുക്കാന്‍ പറഞ്ഞ് സെക്രട്ടേറിയറ്റിലുള്ളവര്‍ വിരട്ടി എന്നും. മകന്‍ തെരുവില്‍ നീതിക്കായി പട്ടിണികിടന്ന് അവശനിലയിലാണെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ അനുവദിക്കണമെന്ന് ഒരു ദിവസം സെക്രട്ടേറിയറ്റിലെത്തി കാലുപിടിച്ച് പറഞ്ഞു. എന്നിട്ടും ആരും വകവെച്ചില്ലെന്ന് ആ അമ്മ പറയുന്നു.

ശ്രീജിത്തിനോട് സമരം നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മകനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊന്നു. ഇവനും കൂടെ ഇങ്ങനെ കിടന്നാല്‍ എന്റെ ജീവിതം എന്താകുമെന്നും ചോദിച്ചിട്ടുണ്ട്. ‘എന്റെ മുന്നില്‍ കിടന്നാണ് അവന്‍ പിടിഞ്ഞുമരിച്ചത്’ എന്നു മാത്രമാണ് അപ്പോഴൊക്കെ ശ്രീജിത്ത് പറഞ്ഞത്. ഒരു നേരമെങ്കിലും എന്തെങ്കിലും കഴിക്കാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. സമരം നിര്‍ത്താന്‍ പറഞ്ഞ് എംഎല്‍എയോടൊപ്പവും ശ്രീജിത്തിനെ കണ്ടു. അന്വേഷണം നടക്കുമെന്നും സമരം നിര്‍ത്താനും പറയുമ്പോള്‍ സിബിഐ അന്വേഷണം ഏറ്റെടുത്തെന്നുള്ള അറിയിപ്പ് കിട്ടുമ്പോള്‍ സമരം നിര്‍ത്താമെന്നാണ് ശ്രീജിത്തിന്റെ മറുപടി. നീതിതേടി സെക്രട്ടേറിയറ്റില്‍ അലഞ്ഞ് മടുത്തപ്പോള്‍ ഇവരെല്ലാം നമ്മളെ പറ്റിക്കുകയാണെന്നും ഇനി ഇത് മതിയാക്കാമെന്നും പലതവണ അവനോട് പറഞ്ഞതാണ്. കോടതി വഴി പോകാമെന്നും പറഞ്ഞു.

താങ്ങാന്‍ പറ്റാത്ത വേദനയാണ് മനസ് നിറയെ. അടിച്ചു കൊല്ലുന്നതിന് പകരം കൈയ്യോ കാലോ ഒടിച്ചിട്ട് എന്റെ മകനെ അവര്‍ക്ക് തിരിച്ചുതരാമായിരുന്നു. എന്ത് നിലവിളിച്ചിട്ടുണ്ടാവും അവന്‍… ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാന്‍ പറ്റീല. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്. നീതിക്ക് വേണ്ടിയാണ് ശ്രീജിത്ത് ഇപ്പോള്‍ തെരുവില്‍ കിടക്കുന്നത്. ആരോഗ്യം നഷ്ടപ്പെട്ട് കുടുംബം തകരും. എന്റെ അവസ്ഥ ഒരു അമ്മയ്ക്കും വരരുതെന്നാണ് പ്രാര്‍ത്ഥന. എന്നിരുന്നാലും നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും മുന്നില്‍ ഞാന്‍ തലകുനിയ്ക്കാന്‍ പോകുന്നില്ല. ‘തലകുനിച്ചാല്‍ പിന്നെ ഞങ്ങള്‍ തീര്‍ന്നു’. ആ അമ്മ പറഞ്ഞുനിര്‍ത്തി.