റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം കടലിലേക്ക് മൂക്കുകുത്തി ; ഒഴിവായത് വന്‍ദുരന്തം
ഇസ്താംബൂള്‍: തുര്‍ക്കിയിലാണ് സംഭവം. റണ്‍വേയില്‍നിന്ന് തെന്നിമാറിയ യാത്രാ വിമാനം കടലിലേക്ക് മൂക്കുകുത്തുകയായിരുന്നു. ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞതിനാല്‍ വിമാനം കടലില്‍ വീണില്ല. അതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അങ്കാറയില്‍ നിന്ന് ട്രാബ്സോണിലേക്ക് പോകുകയായിരുന്ന പേഗസസ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിക്ക് ടര്‍ക്കിഷ് നഗരമായ ട്രസ്ബോണിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നത് 162 യാത്രക്കാരാണ്. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു.