എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ് എന്ന കേന്ദ്രസര്‍ക്കരിന്റെ വാദം പൊളിയുന്നു

കൊച്ചി : രാജ്യത്തെ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. 44,637 കോടി രൂപയാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ലാഭവിഹിതമായി എണ്ണക്കമ്പനികൾ സർക്കാരിന് നൽകിയത്. കമ്പനികൾ നഷ്ടത്തിലെന്ന വാദം നിരത്തി ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്. ഒഎൻജിസിയാണ് ലാഭവിഹിതം നൽകിയതിൽ മുന്നിൽ. മൂന്നര വർഷത്തിനിടെ കേന്ദ്രത്തിന് കൈമാറിയത് 18,710 കോടി രൂപ. ഇന്ത്യൻ ഓയിൽ കോർ‍പ്പറേഷൻ, ബിപിസിഎൽ, ഓയിൽ ഇന്ത്യ, ഗെയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇഐഎൽ. ബിഎല്‍ഐഎല്‍ എന്നീ കമ്പനികൾ ചേർന്ന് 25,927 കോടി രൂപയും ലാഭ വിഹിതമായി സർക്കാരിന് കൈമാറി.

എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന വാദമാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നതിന് ന്യായമായി കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നത്. സംസ്ഥാനത്ത് സർവ്വകാല റെക്കോഡിലാണ് ഇന്ധന വില. തിരുവന്തപുരത്ത് ഒരു ലിറ്റർ ഡീസൽ ലഭിക്കാൻ 67 രൂപയോളം നൽകണം. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നത് നിമിത്തം എണ്ണക്കന്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താനായി ഒരോ ദിവസവും കൂട്ടിക്കൂട്ടിയാണ് ഇന്ധനവില സർവ്വകാല റെക്കോഡിൽ എത്തിയത്. എന്നാൽ നഷ്ടം നേരിടുന്നെന്ന് അവകാശപ്പെടുന്ന പൊതുമേഖല എണ്ണക്കന്പനികൾ കഴിഞ്ഞ മൂന്നര വർഷത്തിനിടെ സർക്കാരിന് ലാഭവിഹിതമായി നൽകിയത് 44,637 കോടി രൂപ. കേന്ദ്രപെട്രോളിയം മന്ത്രാലയം നൽകിയ വിവരാവകാശ രേഖയിലാണ് ഈ വെളിപ്പെടുത്തൽ.