വ്യാജരേഖ ചമച്ച് വാഹന രജിസ്ട്രേഷന്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു
തിരുവനന്തപുരം : വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആൾജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. സുരേഷ്ഗോപി നല്കിയ വിശദീകരണം തൃപ്തികരമെല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേ കേസിൽ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്വന്തം പേരിലുള്ള ആഡംബരകാർ കേരളത്തിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടുക്കേണ്ടിയിരുന്ന വൻതുകയുടെ നികുതി ഒഴിവാക്കാൻ, പുതുച്ചേരിയില്‍ റജിസ്റ്റർ ചെയ്യുകയായിരുന്നു അമലയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്നു കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണു കേസ്. സമാനമായക്കേസില്‍ നടൻ ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞമാസം 17.68 ലക്ഷം രൂപ ഫഹദ് നികുതി അടച്ചിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 2010ല്‍ രജിസ്റ്റർ ചെയ്ത വാഹനത്തിന് 2014ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.