സി ബി ഐ അന്വേഷണം തുടങ്ങുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത് ; ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു എന്ന് മുഖ്യമന്ത്രി

കേസ് സി ബി ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടും സി ബി ഐ അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരുമെന്ന് ശ്രീജിത്ത്. കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉറപ്പു ലഭിച്ചതായി എം പിമാരായ ശശി തരൂരും കെ സി വേണുഗോപാലും അറിയിച്ചിരുന്നു. എന്നാല്‍ കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ശ്രീജിത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീജിത്തും സമരസമിതി പ്രവര്‍ത്തകരും പറഞ്ഞു. അതോടൊപ്പം സര്‍ക്കാര്‍ ചെയ്യാനുള്ളതെല്ലാം ചെയ്തു, ഇനി ഒന്നും ചെയ്യാനില്ലെന്ന നിരാശാജനകമായ മറുപടിയാണ് ലഭിച്ചതെന്നും ശ്രീജിത്ത് പറയുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാനിച്ച് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്. പിന്തുണ അറിയിച്ചെങ്കിലും നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. ”ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സമരം വീണ്ടും തുടരുകയാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. ഞാന്‍ സമരം തുടരാന്‍ പോവുകയാണ്. മരണം വരെ ഞാന്‍ നിരാഹാപര സമരം തുടരും”‘. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ശ്രീജിത്ത് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്.

അതേസമയം സി.ബി.ഐ അന്വേഷണം സംബന്ധിച്ച് തങ്ങളെ ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ശ്രീജിത്തും അമ്മയും പറഞ്ഞു. അന്വേഷണം ഏറ്റെടുത്ത്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്ന് ശ്രീജിത്ത് തീരുമാനമെടുത്തിരുന്നു. അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു തീരുമാനം. ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്ന് സമര സമിതി നിലപാടെടുത്തു. സിപിഎം നേതാവ് വി.ശിവന്‍കുട്ടി ഇന്ന് രാവിലെ സമരപ്പന്തലിലെത്തി സര്‍ക്കാറിന്റെ ശ്രീജിത്തിന്റെ അമ്മ രാവിലെ ഗവര്‍ണ്ണറെ കണ്ട് നിവേദനവും നല്‍കിയിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത്‌നല്‍കുകയും ചെയ്തു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. 2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആത്മഹത്യ ആണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് കസ്റ്റഡി മരണമാണെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.