ബി പി ഡി ഒരു മാനസികരോഗമല്ല ; നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബി പി ഡിയുടേതാകാം ; എന്താണ് ബി പി ഡി?
നമ്മളില്‍ പലരും ഇപ്പോള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. ജീവിക്കുവാനുള്ള നെട്ടോട്ടത്തിന്റെ ഇടയില്‍ ശരീരം മാത്രമല്ല മനസും ചിന്തകളും പോലും കൈവിട്ടു പോകുന്ന അവസ്ഥയിലൂടെയാണ് നമ്മളില്‍ പലരും ഇപ്പോള്‍ കടന്നു പോകുന്നത്. ഇത്തരം അവസ്ഥകള്‍ മനസിലാക്കുന്ന പലരും സ്വയം കരുതുന്നത് തങ്ങള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നമാണ് എന്നാണ്. എന്നാല്‍ ഇത്തരം ആപത് സൂചനകള്‍ ഒരുപക്ഷെ വിരല്‍ ചൂണ്ടുന്നത് ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം.
എന്താണ് ബിപിഡി എന്ന് അറിയാത്തവര്‍ക്കായി. സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബിപിഡി. ഇത് ഇമോഷണലി അണ്സ്റ്റേബിള് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്നു. നമ്മളില്‍ നൂറിലൊരാള്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ അവസ്ഥയുടെ കാരണങ്ങള്‍ എന്താണ് എന്ന് ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം മാനസികവും പാരമ്പര്യപരവും ജൈവികവുമായ പല കാരണങ്ങള്‍ ബിപിഡിയിലേക്ക് നയിച്ചേക്കാം.
അനാവശ്യമായ ഉത്കണ്ഠ പിരിമുറുക്കം, മനോവിഭ്രാന്തി, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, ആത്മഹത്യാ ചിന്തകള്‍, നിമിഷമെന്നോണം മാറിമറിയുന്ന മനോനില ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.കൂടാതെ വഴക്കടിക്കല്‍, പൊട്ടിത്തെറി, മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന രീതിയില്‍ മനോനിലയിലുണ്ടാവുന്ന മാറ്റം. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍, ചെറിയ പ്രശ്നങ്ങളെക്കുറിച്ചു പോലും അനാവശ്യമായ ഉത്കണ്ഠയും പിരിമുറുക്കവും വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, എളുപ്പം മനസ്സുമാറുന്ന സ്വഭാവം, ഭക്ഷണശീലങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ഉപേക്ഷിക്കപ്പെടും വേര്‍പെടും അല്ലെങ്കില്‍ തിരസ്കരിക്കപ്പെടും എന്നുള്ള ഭയം. മനോവിഭ്രാന്തി പ്രദര്‍ശിപ്പിക്കല്‍ അതുപോലെ അപകടകരമായ ലൈംഗിക സ്വഭാവങ്ങള്‍ കാണിക്കുക എന്നതും ഇവയുടെ ലക്ഷണങ്ങള്‍ ആണ്.
കുട്ടിക്കാലത്തോ അല്ലാതെയോ നേരിടേണ്ടി വന്ന ദുരന്തമോ മോശം അനുഭവങ്ങളോ ബിപിഡിക്ക് വഴിയൊരുക്കാം. ആവശ്യത്തിന് സ്നേഹവും കരുതലും ലഭിക്കാതിരിക്കുന്നതും പിന്നീട് ബിപിഡിക്ക് കാരണമാകാം. അതുപോലെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ബിപിഡി ഉണ്ടായിരുന്നെങ്കില്‍ അത് അടുത്ത വ്യക്തികളിലേക്ക് കൈമാറിക്കിട്ടാന്‍ സാധ്യതയുണ്ട്. വിഷാദരോഗം, ഡിപ്രഷന് തുടങ്ങിയവയും പാരമ്പര്യമായി കൈമാറ്റത്തിന് വിധേയമാവാറുള്ള ഒന്നാണ്. ഇത്തരക്കാരുടെ തലച്ചോറിലെ നാഡീപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡയാലക്റ്റിക്കല് ബിഹേവിയര്‍ തെറാപ്പി, സ്കീമ-ഫോക്കസ്ഡ് തെറാപ്പി, മെന്റലൈസേഷന് ബേസ്ഡ് തെറാപ്പി, പൊതുവായ മന:ശാസ്ത്ര ചികിത്സ തുടങ്ങിയവ തന്നെയാണ് ബിപിഡി ചികിത്സയ്ക്കും സ്വീകരിക്കുന്ന രീതി. അതുപോലെ സാധാരണയായി മരുന്നുകള്‍ നല്കുന്ന രീതിയല്ല ബി പി ഡിക്ക് ഉള്ളത്. ചികിത്സയിലൂടേയും മെഡിറ്റേഷനിലൂടേയും ബിപിഡി സംബന്ധമായ പ്രശ്നങ്ങളുടെ സങ്കീര്‍ണത കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചികിത്സയ്ക്കും മരുന്നുകള്‍ക്കും ഒപ്പം സങ്കീര്‍ണമായ കേസുകളില്‍ ഡോക്ടര്‍മാരുടെ ആശുപത്രി ഒബ്സര്വേഷനും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. അസുഖത്തിന്റെ തീവ്രത അനുസരിച്ചാവും ചികിത്സയും നിര്‍ദേശിക്കുക.