പതിമൂന്ന് കുട്ടികളെ ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍
പി.പി. ചെറിയാന്
പെറിസ് (കലിഫോര്‍ണിയ): മാതാപിതാക്കള്‍ തങ്ങളെ കട്ടിലിനോട് ചേര്‍ത്തു ചങ്ങലക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചുവെന്ന് 13 കുട്ടികള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് പെരീസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.
കുട്ടികളെ ചങ്ങലക്കിട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന വീട്ടില്‍ നിന്നും ജനുവരി 14 ഞായറാഴ്ച 15 വയസുള്ള ഒരു കുട്ടി രക്ഷപ്പെട്ടു ഫോണില്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2 മുതല്‍ 29 വയസു വരെയുള്ളവരെയാണ് ചങ്ങലക്കിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വൃത്തിഹീന പരിസരവും കുട്ടികളെ കട്ടിലിനോട് ചേര്‍ത്ത് ചങ്ങലക്കിട്ടതും പോഷകാഹാരക്കുറവും കണ്ടെത്തി.
ചങ്ങലക്കിട്ടവരില് ഏഴുപേര്‍ 18 മുതല്‍ 29 വയസുവരെയുള്ളവരായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ആറു കുട്ടികളെ റിവര്സൈസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും, ഏഴു മുതിര്‍ന്നവരെ കൊറൊണ റീജിയണല്‍ മെഡിക്കല്‍ സെന്ററിലും പരിശോധനക്കായ് പ്രവേശിപ്പിച്ചു. മാതാപിതാക്കളായ ഡേവിസ് അലന് (57), ലൂയിസ് അന്ന(49) എന്നിവരെ അറസ്റ്റു ചെയ്തു. 9 മില്യണ്‍ ഡോളറാണ് ജാമ്യ സംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്.