അതിര്‍ത്തിയില്‍ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍:ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ ഏറ്റുമുട്ടലില്‍ ബി.എസ്.എഫ് ജവാനു വീരമൃത്യു. അര്‍നിയ – ആര്‍.എസ് പുര സെക്ടറില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനില്‍ക്കുന്നതിനിടെ ബിഎസ്എഫ് ജവാന്റെ വീരമൃത്യ.

ഞായറാഴ്ച അര്‍ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ ഏഴു പാക്ക് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. സാംബ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍.

കഴിഞ്ഞ ദിവസം അര്‍നിയ സെക്ടറില്‍ ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച ഭീകരനെ സേന കൊലപ്പെടുത്തിയിരുന്നു. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി ‘ഓപ്പറേഷന്‍ അലര്‍ട്ട്’ എന്ന പേരില്‍ സേനാ നടപടികള്‍ക്കു ബിഎസ്എഫ് തുടക്കമിട്ടു. 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യാന്തര അതിര്‍ത്തി കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.