ശ്രീജിവിന്റെ മരണത്തില്‍ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍;കുറ്റക്കാര്‍ക്ക് നേരെയുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:പോലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജിവ് (27) മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇതിനു മുന്നോടിയായി ആരോപണവിധേയര്‍ക്ക് അനുകൂലമായ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്കി.ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങള്‍ നീണ്ട സമരം ചെയ്യുന്ന സഹോദരന് ശ്രീജിത്തിന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നു.
സര്‍ക്കാര്‍ ശ്രീജിത്തിനൊപ്പമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി,സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ക്ക് അനുകൂലമായ ഹൈക്കോടതിയുടെ സ്റ്റേ നീക്കാന്‍ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് പൊലീസുകാര്‍ക്ക് അനുകൂലമായ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ്,പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.2014 മേയ് 19-നു രാത്രി ശ്രീജിവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് മരിച്ചെന്ന് പിറ്റേന്നു പൊലീസുകാര്‍ വീട്ടുകാരെ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 21ന് ആണു ശ്രീജിവ് മരിച്ചത്. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്‍മാനായിരിക്കെ, ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ഇടപെടലാണു കേസില്‍ വഴിത്തിരിവായത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എഎസ്ഐയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. ആ പെണ്‍കുട്ടിയുടെ വിവാഹത്തലേന്നാണു ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.
മരണപ്പെട്ട ശ്രീജിവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തുക കുറ്റക്കാരില്‍നിന്ന് ഈടാക്കാനുമാണു കംപ്ലെയ്ന്റ് അതോറിറ്റി വിധിച്ചത്. കുറ്റക്കാര്‍ക്കെതിരെ അച്ചടക്കട നടപടിയും നിര്‍ദേശിച്ചു. ഇതിനെതിരെ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.