റിസോര്‍ട്ടിലേക്ക് അനധികൃത റോഡ് നിര്‍മാണം: തോമസ് ചാണ്ടി ഒന്നാം പ്രതി

ആലപ്പുഴ:വയല്‍ മണ്ണിട്ട് നികത്തി റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിച്ചെന്ന കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് തോമസ് ചാണ്ടി ഒന്നാം പ്രതിയായിരിക്കുന്നത്. ആലപ്പുഴ മുന്‍ കലക്ടര്‍ പി.വേണുഗോപാലാണ് രണ്ടാം പ്രതി. ആകെ 22 പ്രതികളാണ് കേസിലുള്ളത്. ഏപ്രില്‍ 19-ന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ഇന്നാണ് എഫ്‌ഐആര്‍ നല്‍കിയത്.

സംഭവത്തില്‍ തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഗൂഡാലോചനയില്‍ പങ്കാളികളായ 12 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപെടുന്നുണ്ട്.തോമസ് ചാണ്ടിയെ കൂടാതെ ആലപ്പുഴ മുന്‍ കലക്ടര്‍ പി. വേണുഗോപാല്‍, സബ്കലക്ടര്‍ സൗരഭ് ജെയിന്‍, എഡിഎം കെ.പി. തമ്പി തുടങ്ങിയവരും പട്ടികയിലുണ്ട്.

പട്ടികയിലെ രണ്ടു മുതല്‍ 14 വരെയുള്ള ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കുറ്റകരമായ ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കമ്പനിയുടെ ഡയറക്ടര്‍മാരുടെ പങ്കും അന്വേഷിക്കപ്പെടണമെന്നും തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കുമാണു റിസോര്‍ട്ടിന്റെ കൂടുതല്‍ ഓഹരികളുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.