‘പത്മാവത്’ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ; 25ന് റിലീസെന്ന് നിര്‍മാതാക്കള്‍
ന്യൂഡല്‍ഹി:ബോളിവുഡ് സിനിമ ‘പത്മാവത്’ സിനിമ നാലു സംസ്ഥാനങ്ങളില്‍ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.സിനിമ നിരോധിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തീര്‍പ്പാക്കിയത്.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കര്‍ണിസേനയുടെ കടുത്ത പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് വന്‍വിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുകയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളാണ് ചിത്രം വിലക്കിയത്. ഹിമാചല്‍പ്രദേശും ഉത്തരാഖണ്ഡും സമാന നിലപാടെടുത്തു. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്, മുന്‍നിശ്ചയിച്ച പോലെ ഈ മാസം 25-ന് സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
റാണി പത്മാവതിയുടെ ചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ‘പത്മാവതി’ എന്ന പേരിനു പകരം ‘പത്മാവത്’ എന്ന് പേരു മാറ്റണമെന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് വിദഗ്ദ്ധ സമിതി മുന്നോട്ടു വച്ചത്.ഈ നിര്‍ദേശങ്ങളെല്ലാം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നു.