അതിരപ്പള്ളിയില്‍ വിനോദ യാത്രക്കെത്തിയ യുവാവിന് സൂര്യതാപമേറ്റ് ഗുരുതര പരിക്ക്
കാളികാവ്: അതിരപ്പള്ളിയില്‍ വിനോദയാത്രയ്ക്കെത്തിയ യുവാവിന് സൂര്യതാപമേറ്റു. മലപ്പുറം കാളികാവിലെ പാറക്കല്‍ അലി അക്ബറി (25)നാണ് സൂര്യതാപമേറ്റ് ഗുരുതര പരിക്ക് പറ്റിയത്. ബുധനാഴ്ചയാണ് അലി അക്ബറിനു സൂര്യതാപമേറ്റത്.
അലി അക്ബറിന്റെ ചുമലിലും നെറ്റിയിലും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സൂര്യതാപമേറ്റത് മൂലമുള്ള പരിക്കുകളാണിതെന്നു ഡോക്ടര്‍ പറഞ്ഞു. കോളറില്ലാത്ത ഷര്‍ട്ട് ധരിച്ചാണ് അക്ബര്‍ അതിരപ്പള്ളിയിലെത്തിയത്.വസ്ത്രമില്ലാതിരുന്ന ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.
ഇടുങ്ങിയ വസ്ത്രമാണ് അലി അക്ബര്‍ ധരിച്ചിരുന്നത്. ചൂടിന്റെ കാഠിന്യം കൂടുതല്‍ കൊണ്ടാണ് വസ്ത്രം ധരിച്ച ഭാഗങ്ങളിലും പൊള്ളലേല്‍ക്കാന്‍ ഇടയായത്. പരിക്ക് ഗുരുതരമായതിനാല്‍ കൂലിപ്പണിക്കാരനായ അലി അക്ബറിന് ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ രണ്ടുദിവസമായി ചൂടിന്റെ കാഠിന്യം കൂടുതലാണ്. വേനല്‍ രൂക്ഷമാകുന്നത് സൂര്യതാപം ഏല്ക്കാന് ഇടയായത് ഗൗരവമായി കാണണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ പലര്‍ക്കും സൂര്യതാപമേറ്റിട്ടുണ്ടെങ്കിലും ജനുവരിയില്‍ സൂര്യതാപം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായിട്ടാണെന്ന് അധികൃതര്‍ പറഞ്ഞു.