പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു

അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മലയാളി ജാവാന് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമാണ് മലയാളിയായ ബി.എസ്.എഫ് ജവാനടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാം. രണ്ട് ഗ്രാമീണരും മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്പാല്‍ സിങ്ങ് ആണ് മരിച്ച മറ്റൊരാള്‍.

രാജ്യാന്തര അതിര്‍ത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയിലെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും മണിക്കൂറുകള്‍ നീണ്ടതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.