ദോക് ലാം തങ്ങളുടെ ആഭ്യന്തരകാര്യമാണ് വിഷയത്തില്‍ ഇന്ത്യ തലയിടണ്ട എന്ന മുന്നറിയിപ്പുമായി ചൈന
ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഇന്ത്യയെ സൂചിപ്പിച്ച് ചൈനീസ് മുന്നറിയിപ്പ്. ചൈനീസ് വിദേശ കാര്യ വക്താവ് ലൂ കാങ് ആണ് ദോക് ലാമിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് രംഗത്ത് വന്നത്. ദോക് ലാം ചൈനയുടെ അധീനതയിലുള്ളതാണ്. നിയമാനുസൃതമായ നിര്‍മ്മാണ പ്രവര്‍ത്തങ്ങളാണ് സൈനികര്‍ക്ക് വേണ്ടി അവിടെ നടക്കുന്നത്. ദോക് ലാം പ്രദേശത്ത് താമസിക്കുന്നവരുടെ പുരോഗതിക്ക് വേണ്ടി കൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. അവിടെ റോഡുള്‍പ്പടെയുള്ളവ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയെന്തിനാണ് ആശങ്കപ്പെടുന്നത്. ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണ്.
ഇന്ത്യയുടെ ആഭ്യന്തരനിര്‍മ്മാണ കാര്യങ്ങളില്‍ ചൈന ഇടപെടാറില്ല. ആ മര്യാദ തിരിച്ചും കാണിക്കണമെന്നും ലൂ കാങ് പറയുന്നു. തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ചൈന വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വക്താവ്. ദോക് ലാം വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ ചൈനയുമായുള്ള നയതന്ത്രചര്‍ച്ചയിലൂടെ പരിഹരിച്ചതായും വിഷയത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വിപരീത വാദവുമായി ചൈന രംഗത്ത് വന്നത്.