സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍; ചീഫ് ജസ്റ്റിസിന് പരാതി നല്കി
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍.ഇതേതുടര്‍ന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നല്കി.യോഗങ്ങളിലെ വിവരങ്ങള്‍ പോലും ചോരുന്നുവെന്നാണ് പരാതി.
അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ കോടതിയില്‍ തിരിച്ചെത്തിയതോടെ സുപ്രീംകോടതിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചിരുന്നു. പ്രശനം പരിഹരിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റു ജഡ്ജിമാരുമായി വീണ്ടും ചര്‍ച്ച നടത്തുകയും ചെയ്തു. കോടതി ചേരുന്നതിനു മുന്‍പുള്ള ചായസല്‍ക്കാരത്തിന്റെ സമയത്തായിരുന്നു ചര്‍ച്ച. ജഡ്ജിമാരുടെ ആവശ്യങ്ങളോട് ചീഫ് ജസ്റ്റിസ് അനുഭാവപൂര്‍വം പ്രതികരിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍.
പനിയായതിനാലായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ അവധിയില്‍ പോയിരുന്നത്. അതിനാല്‍ മുന്‍ ദിവസങ്ങളില്‍ ചര്‍ച്ച നടന്നിരുന്നില്ല. എന്നാല്‍ ചീഫ് ജസ്റ്റിസ് മുന്‍കൈയെടുത്തു തുടങ്ങിയ ചര്‍ച്ച തുടരാന്‍ തയാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും പരിഹാരശ്രമം നടത്തുന്നുണ്ട്.
അതേസമയം, സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ചെലമേശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ പ്രശ്നങ്ങള്‍ അനവധിയുണ്ട്. അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സ്വകാര്യ കേസുകളില്‍ ആശങ്കകളില്ല. പ്രശ്നങ്ങള്‍ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വര്‍ പറഞ്ഞിരുന്നു.
സുപ്രധാനമായ കേസുകള്‍ പരിഗണിക്കുന്നതിനുളള ബെഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന് ബാര്‍ അസോസിയേഷന് ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കിയിരുന്നു.