രാത്രി നടുറോഡില്‍ യുവാക്കളുടെ സാഹസിക ബൈക്കഭ്യാസം; പൊട്ടിത്തെറിച്ച് ശരിക്കും സിങ്കമായി സൂര്യ: വീഡിയോ വൈറല്‍

രാത്രിയില്‍ സാഹസിക ബൈക്ക് അഭ്യാസം നടത്തിയ യുവാക്കളോട് ദേഷ്യപ്പെട്ട് തമിഴ് നടന്‍ സൂര്യ. ഹെല്‍മറ്റ് ധരിക്കാതെ നടുറോഡില്‍ യുവാക്കള്‍ നടത്തിയ അപകടകരമായ ബൈക്കഭ്യാസമാണ് സൂര്യയെ ചൊടിപ്പിച്ചത്. പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ തെലുങ്ക് പതിപ്പ് ‘ഗ്യാങ്’ന്റെ പ്രമോഷനായി ആന്ധ്രയിലെത്തിയപ്പോഴായിരുന്നു സംഭവം.

രാത്രിയില്‍ കാറില്‍ പോകവേയാണ് റോഡില്‍ അപകടകരമായ രീതിയില്‍ യുവാക്കള്‍ ഹെല്‍മറ്റില്ലാതെ അഭ്യാസം നടത്തുന്നത് സൂര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ ഒരു യുവാവ് ബൈക്ക് തെന്നി സൂര്യയുടെ കാര്‍ ടയറിന് സമീപം വന്ന് വീഴുകയും ചെയ്തു. അയാള്‍ ഹെല്‍മറ്റും ധരിച്ചിട്ടില്ലായിരുന്നു.തലനാരിഴക്കാണ് അയാള്‍ രക്ഷപ്പെട്ടത്.ഇതോടെ ക്ഷുഭിതനായ സൂര്യ കാറില്‍ നിന്നിറങ്ങി യുവാക്കള്‍ക്ക് കടുത്ത ഭാഷയില്‍ തന്നെ താക്കീത് നല്‍കി. പക്ഷേ സൂര്യ ദേഷ്യപ്പെട്ടിട്ടും ആരാധകര്‍ ജയ് സൂര്യ എന്ന് ആര്‍ത്തു വിളിക്കുകയായിരുന്നു.

പിറ്റേ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സൂര്യ സംഭവത്തേക്കുറിച്ച് പറഞ്ഞു. ‘ഞാന്‍ ഇങ്ങോട്ട് വരുമ്പോഴാണ് യുവാക്കളുടെ ബൈക്ക് റാലി കണ്ടത്. എന്റെ ഈ സഹോദരന്മാര്‍ ഹെല്‍മറ്റില്ലാതെയാണ് വണ്ടി ഓടിച്ചിരുന്നത്. അതില്‍ ഒരാള്‍ക്ക് മാത്രമേ ഹെല്‍മറ്റ് ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ഒരാള്‍ എന്റെ കാറിന് അടുത്തായി വന്ന് വീണു. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതെനിക്ക് ജീവിതകാലം മുഴുവന്‍ വിഷമം ആയേനേ’.

എനിക്ക് വേണ്ടത് നിങ്ങളുടെ സ്നേഹമാണ്, നിങ്ങളുടെ ജീവനല്ല. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ജീവിതം വിലപ്പെട്ടതാണ്. 25-ാം വയസ്സില്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്. കരിയറില്‍ നിറയെ വിജങ്ങള്‍ സ്വന്തമാക്കാനുണ്ട്. ദയവ് ചെയ്ത് ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക’ സൂര്യ കൂട്ടിച്ചേര്‍ത്തു.