ചേട്ടന്മാരെ പോലെയല്ല,അനിയന്മാര് പൊളിയാണ് ;അണ്ടര്‍-19 ലോകകപ്പില്‍ സിംബാബ് വെയെ 10 വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ നോക്കൗട്ടിലേക്ക്
ന്യുസിലാണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിലെ ബി ഗ്രൂപ്പില്‍ മൂന്നാം മല്‍സരത്തിലും തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ ചുണക്കുട്ടികള്‍.മൂന്നു മത്സരങ്ങളും ഗംഭീരമായി ജയിച്ചതോടെ നോക്കൗട്ട് റൗണ്ടിലേക്ക് ഇന്ത്യ അനായാസം പ്രവേശനം നേടി.ജിറോപ്പിലെ മൂന്നാം മല്‍സരത്തില്‍ സിംബാബ്വെയെ പത്തു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെയെ 48.1 ഓവറില്‍ 154 റണ്‍സിന് ഇന്ത്യ പുറത്താക്കി. താരതമ്യേന ചെറിയ സ്കോര്‍ പിന്തുടരാന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21.4 ഓവറില്‍ വിജയ റണ്‍ കുറിച്ചു. ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശുബ്മാന് ഗില്‍ (59 പന്തില്‍ 90 ) ഹാര്‍വിക് ദേശായ് (73 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യയ്ക്കായി അനുകൂല്‍ റോയ് നാലു വിക്കറ്റു വീഴ്ത്തി. 36 റണ്‍സ് നേടിയ മില്റ്റന് ഷുംബയാണു സിംബാബ്വെയുടെ ടോപ്സ്കോറര്‍. വെസ്ലി മെദ്വെ (30), ക്യാപ്റ്റന്‍ ലിയാം റോഷെ (31) എന്നിവരാണു ഉയര്‍ന്ന സ്കോറുകള്‍ സ്വന്തമാക്കിയ മറ്റു താരങ്ങള്‍. അര്‍ഷ്ദീപ് സിങ്, അഭിഷേക് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതവും ശിവം മാവി, പരാഗ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
കരുത്തരായ ഓസ്ട്രേലിയക്കെതിരെയും പാപുവ ന്യൂഗിനിക്കെതിരെയുമായിരുന്നു ഗ്രൂപ്പില്‍ ഇന്ത്യയുടെ ആദ്യ ജയങ്ങള്‍. ആറു പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാമതാണ് ഇന്ത്യ.