കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കേരളഘടകം; യച്ചൂരിക്ക് പിന്തുണയറിയിച്ച് ബംഗാള്‍, ത്രിപുര

കൊല്‍ക്കത്ത: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഖ്യവും വേണ്ടെന്ന നിലപാടിലുറച്ച് കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകം. കഴിഞ്ഞ ദിവസം സംസാരിച്ച കേരളത്തില്‍ നിന്നുള്ള നേതാക്കളായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, എളമരം കരീം, എ. വിജയരാഘവന്‍ എന്നിവര്‍,പ്രായോഗിക രാഷ്ട്രീയം എന്ന പേരില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു.അതെ സമയം രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള തര്‍ക്കം വോട്ടെടുപ്പിലേക്കു കടക്കാതിരിക്കാനുള്ള നീക്കം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ സജീവമായി.

എന്നാല്‍ ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സംവായമാകാമെന്ന ‘സീതാറാം യച്ചൂരിയുടെ നിലപാടിനെ ബംഗാള്‍, ത്രിപുര അംഗങ്ങള്‍ പിന്തുണച്ചു. സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ചു രാഷ്ട്രീയ നിലപാടു സ്വീകരിക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ യെച്ചൂരിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും.

സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്കു കത്തു നല്‍കി. രാഷ്ട്രീയപ്രമേയത്തില്‍ രണ്ടു രേഖകള്‍ വേണ്ടെന്ന കടുത്ത നിലപാടിലാണു കാരാട്ട് പക്ഷം. അതിനിടെ, സമ്മര്‍ദനീക്കങ്ങളുടെ ഭാഗമായി യച്ചൂരി ബുദ്ധദേവ് ഭട്ടാചാര്യയോടു കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പിബി അംഗീകരിച്ച രേഖ, പ്രകാശ് കാരാട്ട് കൊല്‍ക്കത്തയില്‍ പുരോഗമിക്കുന്ന സിസിയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസുമായി നീക്കുപോക്കുകളാകാമെന്ന ന്യൂനപക്ഷ രേഖ യച്ചൂരിയും. യച്ചൂരിയുടെ രേഖ വോട്ടിനിട്ടു തള്ളുന്ന സാഹചര്യമുണ്ടാക്കാനാണു കാരാട്ട് പക്ഷത്തിന്റെ നീക്കം. രേഖ ഒന്ന് മതി, വിയോജിപ്പുകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കാമെന്നാണു കാരാട്ട് പക്ഷത്തിന്റെ നിലപാട്.

ബി.ജെ.പി ഹിന്ദുത്വ ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നും ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ പ്രായോഗിക രാഷ്ട്രീയ നിലപാട് വേണമെന്നുമാണു വി.എസ് കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്തിലുള്ളത്. കോണ്‍ഗ്രസ് സഹകരണത്തിന്റെ ശക്തനായ വക്താവും കാരാട്ട് വിരോധിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ സിസി യോഗത്തിനെത്തിക്കാനാണു യച്ചൂരിയുടെ നീക്കം. അനാരോഗ്യം മൂലം ബുദ്ധദേവ് ഏറെ നാളായി കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാറില്ല.