യുഎന്‍ രക്ഷാസമിതിയില്‍ കുല്‍ഭൂഷണ്‍ വിഷയം ഉന്നയിച്ച് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍

ജനീവ: ഇന്ത്യന്‍ ചാരനെന്ന് ആരോപിചച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയം യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചു വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍.ഭീകരര്‍ക്കു സഹായം നല്‍കുന്നതിന്റെ പേരില്‍ ഇന്ത്യ, യു.എസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് കുല്‍ഭൂഷണ്‍ ജാദവ് വിഷയം രക്ഷാസമിതിക്കു മുന്‍പാകെ അവതരിപ്പിച്ച് പാകിസ്ഥാന്‍ പ്രതിരോധം സൃഷ്ട്ടിച്ചത്.

ഭീകരരെ നല്ലത്, മോശം എന്നിങ്ങനെ തരംതിരിച്ചു കാണുന്ന പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റം വന്നേ തീരൂവെന്ന് യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു പാക്കിസ്ഥാന്റെ പ്രതിനിധിയായ മലീഹാ ലോധി കുല്‍ഭൂഷണ്‍ ജാദവ് വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്കു അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണു മലീഹാ ലോധി കുല്‍ഭൂഷണ്‍ വിഷയം സമിതിക്കു മുന്‍പാകെ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ നിലപാട് പുനഃപരിശോധിക്കണമെന്നു വാശിപിടിക്കുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കുന്നതു നന്നായിരിക്കുമെന്നു ലോധി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചാരനായ വ്യക്തിയെ പിടികൂടിയതിലൂടെ അവര്‍ക്കു (ഇന്ത്യയ്ക്ക്) തങ്ങളോടുള്ള മനോഭാവം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ലോധി സമിതിക്കു മുന്‍പാകെ അഭിപ്രായപ്പെട്ടു.