ഡ്രൈവര്‍മാരുടെ പിഴവുകൊണ്ട് കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 11,018 ജീവനുകള്‍

വാഹനം ഓടിക്കുന്നവരുടെ പിഴവ് ഒന്ന് കൊണ്ട് മാത്രം നമ്മുടെ സംസ്ഥാനത്തെ റോഡുകളില്‍ പൊലിഞ്ഞത് 11,018 ജീവനുകള്‍. കൂടാതെ 1800 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ പലര്‍ക്കും ഭാവി ജീവിതം നരക തുല്യമായി ജീവിച്ചു തീര്‍ക്കുവാന്‍ ആണ് വിധി. മിക്ക അപകടങ്ങളിലും പകല്‍വെളിച്ചത്തില്‍നിന്നും രാത്രിയിലേക്ക് കടക്കുന്ന സമയത്താണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. ഇതേപോലെ രാവിലെ സൂര്യോദയത്തിന്റെ സമയത്തും അപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റ് ആവര്‍ത്തിക്കുന്ന പ്രവണത ഡ്രൈവര്‍മാരില്‍ കൂടുതലാണെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മുഖ്യമായും പകല്‍കാഴ്ചയില്‍നിന്നും ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലേക്ക് മാറുന്ന സമയത്തുള്ള കാഴ്ചക്കുറവാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം.

ജനുവരിയില്‍ അപകടമരണങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. ഡ്രൈവിങ് പഠനം, പരിശീലനം എന്നിവയിലെ പോരായ്മകളാണ് ഇത് വെളിപ്പെടുത്തുന്നത്. റോഡുകളുടെ നിലവാരകുറവും ഡ്രൈവിങ് ടെസ്റ്റ് കാലോചിതമായി പരിഷ്‌കരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് കഴിയാത്തതുമാണ് മുഖ്യ പോരായ്മയായി പറയപ്പെടുന്നത്. തട്ടിക്കൂട്ടി വാഹനം ഓടിക്കാന്‍ പഠിക്കുന്നവര്‍പോലും ടെസ്റ്റ് വിജയിക്കുന്ന അവസ്ഥയാണ് നിലവില്‍. ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് തിരിക്കുന്ന കമ്പികളുടെ നീളം കുറച്ചതാണ് അടുത്തിടെ വരുത്തിയ ഏക പരിഷ്‌കാരം. അമിതവേഗം , അലക്ഷ്യവും മദ്യപിച്ചുമുള്ള ഡ്രൈവിങ്ങും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗവുമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നത്. അതുപോലെ ലൈസന്‍സ് എടുത്ത ശേഷം പരിശീലകനെ വെച്ച് വാഹനം ഓടിച്ചു പഠിക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ ഏറെയാണ്‌.