എണ്ണ ഉത്‌പാദനത്തില്‍ ഈ വര്‍ഷം സൌദിയെ കടത്തിവെട്ടി യു എസ് രണ്ടാമനാകും എന്ന് റിപ്പോര്‍ട്ട്

എണ്ണയുത്പാദനരംഗത്ത് ഈ വര്‍ഷം സൌദിയെ കടത്തിവെട്ടി യു എസ് രണ്ടാമനാകും എന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ (ഐ.ഇ.എ.) റിപ്പോര്‍ട്ട്. ഇപ്പോള്‍ ദിവസം 99 ലക്ഷം വീപ്പ എണ്ണയാണ് യു.എസ്. ഉത്പാദിപ്പിക്കുന്നത്. അമ്പതാണ്ടിനിടെയിലെ ഏറ്റവുംഉയര്‍ന്ന തോതാണിത്. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഇക്കൊല്ലം ദിവസം ഒരുകോടി വീപ്പയിലേറെ എണ്ണ ഉത്പാദിപ്പിക്കും. ഇതോടെ സൗദി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടും. റഷ്യയും യു.എസുമായുള്ള മത്സരം മുറുകും. ഇത് കാരണം ഒപെക്കും ഇതില്‍ അംഗങ്ങളല്ലാത്ത എണ്ണയുത്പാദകരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകും എന്നും ഐ.ഇ.എ പറയുന്നു. 2014-ല്‍ ഇടിഞ്ഞ അസംസ്‌കൃത എണ്ണവില ഇപ്പോള്‍ വീപ്പയ്ക്ക് 70 ഡോളര്‍ (4,468 രൂപ) എന്നനിലയില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

എണ്ണവില ഉയരുന്നത് ഷെയ്ല്‍ എണ്ണയോടുള്ള താത്പര്യം കൂട്ടി. എണ്ണവില കുറഞ്ഞപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചിരുന്നു. ഇതില്‍ അംഗമല്ലാത്ത യു.എസ്. ഷെയ്ല്‍ എണ്ണയുടെ ഉത്പാദനം തുടര്‍ന്നു. ഭൂമിക്കടിയിലെ കനംകുറഞ്ഞ പാറയായ ഷെയ്ല്‍ തുരന്നെടുക്കുന്ന എണ്ണയാണിത്. ഇതിനുപയോഗിക്കുന്ന ‘ഫ്രാക്കിങ്’ സങ്കേതികവിദ്യ ഭൂഗര്‍ഭജലം മലിനമാക്കുന്നുവെന്നും ചെറുഭൂകമ്പങ്ങള്‍ക്കിടയാക്കുന്നുവെന്നും പരിസ്ഥിതിവാദികള്‍ ആരോപിക്കുന്നുണ്ട്.