എ ബി വി പി പ്രവര്‍ത്തകന്റെ കൊലപാതകം ; നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ : കണ്ണൂരില്‍ എ ബി വി പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലിയിലെ സമീറ മന്‍സിലില്‍ സമീര്‍ (25), കീഴലൂര്‍ പാലയോട്ടെ തെക്കൈയില്‍ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം നടത്താന്‍ ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ ശേഷം പേര്യ ചുരം വഴി വയനാടിലേക്ക് രക്ഷപ്പെടവെ ബോയ്‌സ് ടൗണിനു സമീപം തലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
രാഷ്ടീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചനകള്‍. പ്രതികള്‍ എല്ലാവരും സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബൈക്കില്‍ സഞ്ചരിക്കുന്ന സമയം എബിവിപി പ്രവര്‍ത്തകനും പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയുമായ കോളയാട് ആലപറമ്പിലെ ശ്യാമപ്രസാദിനെ (25) സംഘം പിന്തുടര്‍ന്ന്‍ വെട്ടികൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തുകയാണ് ഇന്ന്.