കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പൊലീസ്; ചികിത്സ കിട്ടാതെ കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

സഹാരണ്‍പുര്‍: വാഹനപകടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് സംഘം കാറില്‍ രക്തം പറ്റുമെന്ന കാരണം പറഞ്ഞ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല.ഇതേതുടര്‍ന്ന് അപകടത്തില്‍ പരുക്കേറ്റുകിടന്ന കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്.

രാത്രി പട്രോളിങ് നടത്തവേയാണ് പോലീസുകാര്‍ അപകടം നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.എന്നാല്‍ കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കിയില്ല.

അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. അവരുടെ ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നതും വിഡിയോയിലുണ്ട്. അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്പരില്‍ വിളിച്ചു പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം പരുക്കേറ്റവരെ രക്ഷിക്കാന്‍ കൂട്ടാക്കിയില്ല.കുട്ടികളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്നവരിലൊരാള്‍ താണുകേണപേക്ഷിച്ചെങ്കിലും പോലീസുകാര്‍ ഇതൊന്നും കേട്ടതായിപോലും ഭാവിച്ചില്ല.

പൊലീസുകാരില്‍നിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ നിര്‍ത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവര്‍ നടത്തി. മറ്റു വാഹനങ്ങളും നിര്‍ത്തിയില്ല.പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംസ്ഥാനമെങ്ങും ശക്തമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയാണ് 2016ല്‍ യുപി സര്‍ക്കാര്‍ ‘ഡയല്‍ 100’ പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങളും പൊലീസിനു നല്‍കിയിരുന്നു.