യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ ശേഷം 15 ലക്ഷം ആവശ്യപ്പെട്ട പത്താം ക്ലാസുകാരന്‍ പിടിയില്‍

എടത്വാ : യുവതിയുടെ കുളിമുറിയിലെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്തു 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എടത്വാ പോലീസിന്‍റെ വലയിലായത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍കുളിമുറിയുടെ ജനലഴിയിലൂടെയാണ് വിദ്യാര്‍ഥി മൊബെലില്‍ ദൃശ്യം പകര്‍ത്തിയത്. യുവതിയുടെ ബന്ധു നിര്‍മിക്കുന്ന വീടിന്‍റെ ഫൗണ്ടേഷന് മുകളില്‍ കയറി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട യുവതി വീട്ടുകാരെ വിവരം അറിയിച്ച് വിദ്യാര്‍ഥിയെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. നവംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിനു ശേഷം കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുമ്പില്‍നിന്ന് ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡും, കത്തും വീട്ടുകാര്‍ക്ക് ലഭിക്കുകയും.

മെമ്മറി കാര്‍ഡിന്‍റെ കോപ്പിയാണെന്നും, സോഷ്യല്‍ മീഡിയായിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കില്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ കത്തും മെമ്മറി കാര്‍ഡും എടത്വാ പോലീസിന് കൈമാറി. പോലീസിന്‍റെ അന്വേഷണത്തിലും മുന്‍പുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാര്‍ഥിയെ പിടികൂടുകയായിരുന്നു. വിദ്യാര്‍ഥിയുടെ പക്കല്‍ നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പോലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യാനോ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പോലീസിന് കഴിഞ്ഞില്ല. ജുവെനെല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അറിയിച്ചശേഷം വിദ്യാര്‍ഥിയെ വിട്ടയച്ചു. തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥിയുടെ കുടുംബം വര്‍ഷങ്ങളായി കുട്ടനാടിന്‍റെ പലഭാഗങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് പുറമേ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.