കോടതിയുടെ സഹായത്തോടെ ഭാര്യയെയും മക്കളെയും വീടിന് പുറത്താക്കി സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ ; പെരുവഴിയിലായ കുടുംബം നടുറോഡില്‍ സമരം നടത്തുന്നു

കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത ഗ്രഹനാഥന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഭാര്യയേയും മക്കളെയും പോലീസ് സഹായത്തോടെ അടിച്ചു പുറത്താക്കി. നിയമം പോലും കണ്ണടച്ച ക്രൂരമായ സംഭവം അരങ്ങേറിയത് തിരവനന്തപുരം കാച്ചാണിയിലാണ്. സെക്രട്ടറിയേറ്റ് സെക്ക്യൂരിറ്റി ജീവനക്കാരനായ കാച്ചാണി ഊറ്റുകുഴി സ്വദേശി ജേക്കബ് ആണ് തന്‍റെ ഭാര്യ സെലിനെയും പതിനെട്ടുകാരനായ മകനെയും പ്രായപൂര്‍ത്തിയായ മകളെയും വീട്ടില്‍ നിന്നും പുറത്താക്കിയത്. ഭര്‍ത്താവ് ഇറക്കി വിട്ടതിനെ തുടര്‍ന്ന് പോകുവാന്‍ വേറെ ഇടം ഇല്ലാതെ ഇയാളുടെ കുടുംബ വീടിനു മുന്നില്‍ സമരം നടത്തുകയാണ് ഭാര്യയും കുഞ്ഞുങ്ങളും. ജേക്കബിന്‍റെ സഹോദരന്‍റെയും ഭാര്യയുടെയും പേരിലാണ് വീടും വസ്തുവും എന്നും സെലിനും മക്കളും അനധികൃതമായി വീട്ടില്‍ കയറി താമസിക്കുകയാണ് എന്നുമാണ് ഇവര്‍ കോടതിയുടെ മുന്‍പില്‍ നിരത്തിയ വാദം. അതുപോലെ സെലിന്‍ തന്‍റെ ഭാര്യ അല്ല എന്നും തങ്ങള്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി എന്നും ജേക്കബ് കോടതിയെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇവരെ ഒഴിപ്പിക്കാന്‍ ഉത്തരവ് ഇടുന്നത്.

പോലീസ് ബലപ്രയോഗം നടത്തിയാണ് തങ്ങളെ വീടിനു പുറത്താക്കിയത് എന്ന് സെലിന്‍ ആരോപിക്കുന്നു. നേരത്തെ നാട്ടുകാരുടെ എതിര്‍പ്പ് കാരണം രണ്ടു തവണ ഒഴിപ്പിക്കല്‍ നടന്നില്ല. അവസാനം കഴിഞ്ഞ വെള്ളിയാഴ്ച കോടതി ആമീനിന്റെ സാന്നിധ്യത്തിലാണ് ഇവരെ വീട്ടില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന്‍ ഭര്‍ത്താവിന്‍റെ കുടുംബ വീടിനു മുന്‍പിലാണ് സെലിനും മക്കളും പ്രതിഷേധവുമായി എത്തിയത്. രാവും പകലും ഇല്ലാതെ മക്കളെയും കൂടെയിരുത്തി തന്‍റെ പ്രതിഷേധം തുടരുകയാണ് ആ അമ്മ. എന്നാല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തിനു ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ ജേക്കബ് നാട്ടുകാരെ ഭയന്ന് ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇയാള്‍ക്ക് വേറൊരു സ്ത്രീയുമായി ബന്ധം ഉള്ളതായി സെലിന്‍ പറയുന്നു. തന്‍റെ കൂടെ അധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയ വീട്ടില്‍ നിന്നാണ് സഹോദരന്റെ വാക്ക് കേട്ട് ജേക്കബ് തന്നെയും മക്കളെയും ചതിയിലൂടെ പുറത്താക്കിയത് എന്ന് സെലിനും മക്കളും ആരോപിക്കുന്നു. വില്‍ക്കുവാനോ, കൈമാറ്റം ചെയ്യുവാനോ കഴിയാത്ത തരത്തില്‍ തങ്ങള്‍ നിയമപരിരക്ഷ തേടിയ വസ്തുവും വീടും എങ്ങനെ ജേക്കബിന്‍റെ സഹോദരന്റെയും ഭാര്യയുടെയും പേരിലായി എന്നാണ് ഇവര്‍ ചോദിക്കുന്നത്. അതേസമയം വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍ സെലിനും കുട്ടികള്‍ക്കും അനുയോജ്യമായ താമസസൌകര്യം ഒരുക്കുന്നതിന് കമ്മീഷന്‍റെ നേത്രുത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്. വനിതാകമ്മീഷന്‍ അംഗമായ ഷാഹിദാ കമാല്‍ ഇന്നലെ ഇവരെ സന്ദര്‍ശിച്ചിരുന്നു.