സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിച്ച പുരോഹിതയ്ക്കെതിരേ നടപടി

പി.പി. ചെറിയാന്‍

ഷിക്കാഗോ: ഷിക്കാഗോ നോര്‍ത്ത് സൈഡ് നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയും സ്റ്റാഫ് മെംബറും തമ്മിലുള്ള സ്വവര്‍ഗ്ഗ വിവാഹം നടത്തി കൊടുത്ത ക്യാംപസ് പാസ്റ്റര്‍ റവ. ജൂഡി പീറ്റേഴ്‌സിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി ഇവാഞ്ചലിക്കല്‍ കവനന്റ് ചര്‍ച്ച് അധികൃതര്‍ വെളിപ്പെടുത്തി.

ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥി സ്റ്റാഫ് അംഗങ്ങളായ മാര്‍കസ് മേസന്‍ – വിവിറ്റ് എന്നിവരുടെ വിവാഹം നടത്തി കൊടുക്കുന്നതിന് ഏറ്റവും അനുയോജ്യമായി ഇവര്‍ കണ്ടെത്തിയത് റവ. ജൂഡിയെയായിരുന്നു.

റവ. ജൂഡി ഇവരുടെ ആഗ്രഹം പോലെ വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.സ്വവര്‍ഗ്ഗ വിവാഹം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ ഇവാഞ്ചലിക്കല്‍ കവനന്റ് ചര്‍ച്ച് അധികൃതര്‍ പുരോഹിതയുടെ ക്രെഡിന്‍ഷ്യല്‍ സസ്‌പെന്റ് ചെയ്യുകയും ശമ്പളത്തോടു കൂടി അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

യുഎസിലും കാനഡയിലുമായി 850 ഓളം ചര്‍ച്ചുകളുള്ള ഇവാഞ്ചലിക്കല്‍ കവനന്റ് ചര്‍ച്ച് 17-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായതാണെന്നും ക്രിസ്ത്യന്‍ വിശ്വാസത്തെയോ പ്രമാണങ്ങളേയോ കാത്തു സൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.പുരോഹിതയില്‍ അര്‍പ്പിതമായിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിന് വീഴ്ച വരുത്തിയ ഇവരുടെ രാജി ആവശ്യപ്പെടുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

യൂണിവേഴ്‌സിറ്റിയില്‍ എല്‍ജിബിറ്റി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ റവ. ജൂഡിക്കു അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ മനസാക്ഷിക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ജൂഡിയും വ്യക്തമാക്കി.