മാണിയുടെ ബജറ്റിന്റെ പേരിലെ അടിപിടി ; നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം
തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ സമയം ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ച കെ എം മാണിയെ തടയുവാന്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫ് എം എല്‍ എമാര്‍ നടത്തിയ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. 2015 മാർച്ച് 13നാണ് മാണിയുടെ ബജ്റ്റ് പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയത്. കേരള സമൂഹത്തിനു തന്നെ തീരാകളങ്കമായിരുന്നു അന്ന് നടന്ന സംഭവവികാസങ്ങള്‍. 3 വർഷങ്ങൾക്കിപ്പുറം മറ്റൊരു ബജററിന് സഭ തയ്യാറെടുക്കുമ്പോൾ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുകയാണ്. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാന്‍ മുഖ്യമന്ത്രിക്ക് വി.ശിവൻകുട്ടി നൽകിയ അപേക്ഷ നിയമവകുപ്പിന് കൈമാറി.
കേസിലെ ആറു പ്രതികള്‍ എൽഡിഎഫ് നേതാക്കളാണ്. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന മാര്‍ച്ച് മാസത്തില്‍ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആറ് സിപിഎം എം.എല്‍.എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. അപേക്ഷയുടെ മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ തീര്‍പ്പാകൂ.