നടിയെ ആക്രമിച്ച കേസ്:ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ എവിടെയുണ്ടെന്ന് ദിലീപിനറിയാമെന്ന് പ്രോസിക്ക്യൂഷന്‍; ദിലീപിന്റെ ഹര്‍ജികളില്‍ 25-ന് വാദം കേള്‍ക്കും

അങ്കമാലി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജനുവരി 25-ന് വാദം കേള്‍ക്കും. ദിലീപിന്റെ ഹര്‍ജികളില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കി. ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ പെന്‍ഡ്രൈവിലെ നടിയുടെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജി നല്‍കിയതിലൂടെ ദിലീപ് ലക്ഷ്യമിടുന്നത്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി ദിലീപ് പ്രചരണം നടത്തുകയാണ്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയുണ്ട് എന്ന കാര്യം ദിലീപിന് അറിയാം.ദിലീപിന്റെ പരാതി അക്കാര്യം സ്ഥിതീകരിക്കുന്നുവെന്നും,ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.

കുറ്റപത്രങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന വാദത്തെയും പൊലീസ് തള്ളി. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള കൂടുതല്‍ രേഖകള്‍ പൊലീസ് ദിലീപിന്റെ അഭിഭാഷകന് കൈമാറി. ബുധനാഴ്ച പ്രൊസിക്യൂഷന്റെയും ദിലീപിന്റെ അഭിഭാഷകരുടെയും വാദം കേട്ട ശേഷം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഹര്‍ജികളില്‍ വിധി പറയും.