ആധാര്‍ അസംബന്ധമെന്ന് എഡ്വേഡ് സ്‌നോഡന്‍ ; നിര്‍ബന്ധമാക്കല്‍ ക്രിമിനല്‍ നടപടി എന്ന് വിമര്‍ശനം
ഇന്ത്യയിലെ അധാര്‍ സംബന്ധമായ സംവിധാനങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി മുൻ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്‌നോഡന്‍ വീണ്ടും രംഗത്ത്. പൌരന്മാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കിയാണ് നേരിടേണ്ടതെന്നും സ്‌നോഡന്‍ പറയുന്നു. തന്‍റെ ട്വിറ്ററിലാണ് വിഷയത്തില്‍ സ്‌നോഡന്‍ പ്രതികരിച്ചത്. സേവനങ്ങളിലേക്ക് കടക്കാന്‍ ഒട്ടും യോജിക്കാത്തവിധത്തില്‍ തയ്യാറാക്കിയ വാതിലാണ് ആധാര്‍ എന്നാണ് സ്‌നോഡന്‍ കുറ്റപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യയിലെ ടെലികോം ടെലികോം കമ്പനികളും ബാങ്കുകളുമെല്ലാം ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.
ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും വ്യക്തിവിവരങ്ങളടങ്ങിയ ഡേറ്റാ സോഴ്‌സ് അല്ലെന്നുമുള്ള യുഐഡിഎഐയുടെ ട്വീറ്റിനെയും സ്‌നോഡന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികളും ആധാറിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അവരുടെ കൈവശവും ആധാര്‍ ഡേറ്റാ ബേസ് ഉണ്ടാവുമെന്ന് മറക്കരുതെന്നും സ്‌നോഡന്‍ നേരത്തെ പറഞ്ഞിരുന്നു.