സാമ്പത്തിക വളര്‍ച്ചാ സൂചിക ; പാക്കിസ്ഥാനും ഏറെ പിന്നിലായി ഇന്ത്യ ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് സാമ്പത്തികമേഖലയുടെ വളര്‍ച്ചാസൂചികയില്‍ ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നിലായി ഇന്ത്യയുടെ സ്ഥാനം എത്തി നില്‍ക്കുന്നത്. പട്ടികയില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ 69 സ്ഥാനത്താണ് ഇന്ത്യ. 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചൈന 26ാം സ്ഥാനത്താണുള്ളത്. പാകിസ്താന്‍ 47ാം സ്ഥാനത്തുണ്ട്. ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ കടംവര്‍ധിക്കാനുള്ള സാധ്യത എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
പട്ടികയില്‍ ഇക്കുറി മുന്നിലുള്ളത് നോര്‍വേയാണ്. അയര്‍ലൻഡ്,ലക്‌സംബര്‍ഗ്,സ്വിറ്റ്‌സര്‍ലൻഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്. സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 79 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം 60ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാകിസ്താന്‍ 52ാം സ്ഥാനത്തായിരുന്നു. പട്ടികയില്‍ ചൈന പിന്നോക്കം ഇറങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ നില മെച്ചപ്പെടുത്തുന്ന കാഴ്ച്ചയാണ് കാണുന്നത്.