കേരളത്തിനെതിരെ ദേശിയ തലത്തില്‍ നടന്ന കുപ്രചരണങ്ങളെ നേട്ടങ്ങള്‍ക്കൊണ്ട് മറികടക്കാനായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്.എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോള്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സ്വീകരിച്ചത്.എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം തടയുന്ന നടപടിയിലേക്ക് പ്രതിപക്ഷം കടന്നില്ല.ഭരണ സ്തംഭനം , വിലക്കയറ്റം , കൊലപാതകങ്ങള്‍ ഈ വിഷയങ്ങള്‍ ആയുധമാക്കിയാണ് പ്രതിഷേധം.

കേരളത്തിനെതിരെ ദേശിയ തലത്തില്‍ കുപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ ഗവര്‍ണര്‍.എന്നാല്‍ ഇതിനെ മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.അഴിമതി രഹിത സംസ്ഥാനമാണ് കേരളമെന്ന വിലയിരുത്തലുണ്ടെന്നും ഗവര്‍ണര്‍നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 100,% വൈദ്യുതീകരണവും വെളിയിട വിസര്‍ജ്യ വിമുക്തവുമായ സംസ്ഥാനമാണ് കേരളമെന്നും ട്രാന്‍സ്ജന്റര്‍ വിഭാഗത്തിന് നല്‍കിയ പരിഗണനയിലും ഒന്നാമതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്താന്‍ ശ്രമമുണ്ടായത് എടുത്ത് പറഞ്ഞ ഗവര്‍ണര്‍ അത്തരം പ്രചരണങ്ങള്‍ അപലപനീയമാണെന്നും,അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ഒരു ഭീഷണിയും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.ക്രമസമാധനപാലനത്തിലും കേരളം മുന്നിലാണെന്നും നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും വെല്ലുവിളികളാണെന്നും അതിനെ മറികടക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.