സ്ത്രീവേഷം ധരിച്ച് കുട്ടികള്‍ കളിക്കുന്നതിന് അടുത്ത് വന്ന് പതുങ്ങിനിന്നയാളെ പോലീസ് പിടികൂടി; ചുരിദാറും മുത്തുമാലകളുമണിഞ്ഞെത്തിയ കന്നഡ സംസാരിക്കുന്നയാള്‍ മാനസിക രോഗിയെന്ന് സംശയം

നെടുമങ്ങാട്: സ്ത്രീവേഷം ധരിച്ച് കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് പതുങ്ങിനിന്നയാള്‍ പോലീസ് പിടിയില്‍.കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയെന്ന് സംശയിച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. നെടുമങ്ങാടാണ് സംഭവം.

ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിന് സമീപത്തുവച്ചാണ് ഇയാളെ അസ്വാഭാവിതയോടെ കണ്ടത്.പന്തികേടു തോന്നി നാട്ടുകാര്‍ സംഘടിച്ചെത്തി പരിശോധിച്ചതോടെ പുരുഷനാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിച്ചു.

സ്ത്രീവേഷം ധരിച്ച് എത്തിയതും കുട്ടികള്‍ കളിക്കുന്നിടത്ത് പതുങ്ങിനിന്നതും കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണോ എന്ന സംശയമുണര്‍ന്നതോടെ ആണ് നാട്ടുകാര്‍ പരിശോധിക്കാന്‍ എത്തിയത്. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ പന്തികേടുതോന്നി.പോലീസെത്തി കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇയാള്‍ കന്നഡ ഭാഷയിലാണ് സംസാരിച്ചത്.

ചുരിദാറും കഴുത്തില്‍ മുത്തുമാലകളും ധരിച്ചാണ് സ്ത്രീവേഷത്തില്‍ കുട്ടികളുടെ കളിസ്ഥലത്തിന് അടുത്ത് നിലയുറപ്പിച്ചത്. തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സി.ഐ സുരേഷ്‌കുമാര്‍ വ്യക്തമാക്കി. മാനസിക രോഗിയാണെന്ന് സംശയം തോന്നിയതോടെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.