കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ വരുമാനം മുഴുവനും എത്തിയത് അതിസമ്പന്നരുടെ കൈകളില്‍ ; ദരിദ്രരുടെ എണ്ണത്തിലും വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ വരുമാനം മുഴുവന്‍ എത്തിചേര്‍ന്നത് ചില അതിസമ്പന്നരുടെ കൈകളില്‍ എന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓക്‌സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ഷിക സര്‍വ്വേയിലാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെയാണ് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. അതുപോലെ രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വെ ഫലം. എന്നാല്‍ ഈ വര്‍ഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തി നില്‍ക്കുന്നു എന്നാണിത് കാട്ടുന്നത്. ‘റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത്’ (Reward Work, Not Wealth) എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.

ലോക സാമ്പത്തിക ഫോറം ദാവോസില്‍ സമ്മേളിക്കുന്ന വേളയിലാണ് ഈ സര്‍വ്വേ പുറത്തു വന്നിരിക്കുന്നത്. ലോക സാമ്പത്തിക ഫോറത്തില്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍വ്വെയാണ് ഓക്സ്ഫാമിന്റേത്. അതിലുപരി 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. 2017-18 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ടുകൊണ്ട് ലോകസമ്പത്ത്, ന്യൂനപക്ഷം വരുന്ന അതിസമ്പരില്‍ കുന്നുകൂടുന്നതിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ഈ സര്‍വേ. അതുപോലെ “ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാവണം, പകരം ഭാഗ്യവാന്‍മാരായ വളരെ കുറച്ചുപേര്‍ക്ക് വേണ്ടി മാത്രമാകരുത്’ എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു ഉപദേശവും ഒക്സ്ഫാം നല്‍കുന്നുണ്ട്.

നൂറ് കോടി ആസ്തിയുള്ള 17 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുണ്ടായത്. നൂറ് കോടിയിലധികം ആസ്തിയുള്ളവരുടെ എണ്ണം രാജ്യത്ത് ഇതോടെ 101 ആയി. 20.7 ലക്ഷം കോടി രൂപയാണ് ഈ അതിസമ്പന്നരുടെ സമ്പത്തിന്റെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായത് 4.89 ലക്ഷം കോടിയുടെ വര്‍ധനയാണ്.രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കൂടി ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മാറ്റിവെച്ച ബജറ്റിന്റെ 85 ശതമാനം വരുമിത്.