ജസ്റ്റിസ് ലോയയുടെ മരണം:സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കണം..

ഇതേതുടര്‍ന്ന് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലുള്ള കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റാനും തീരുമാനമായി. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് നേരത്തെ ലോയ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് പുതിയ ബെഞ്ചിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടയിലാണു 2014 ഡിസംബര്‍ ഒന്നിനു ജസ്റ്റിസ് ബി.എച്ച്. ലോയ മരണപ്പെടുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജികളുള്ളത്.