വായ്പാ തിരിച്ചടവു മുടങ്ങിയതിനു യുപിയില്‍ കര്‍ഷകനെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റിക്കൊന്നു

സീതാപുര്‍ ട്രാക്ടര്‍ വാങ്ങുന്നതിനു സ്വകാര്യ പലിശ സ്ഥാപനത്തില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപ വായ്പയുടെ തിരിച്ചടവു മുടങ്ങിയ കര്‍ഷകനെ ഗുണ്ടകളെത്തി അതേ ട്രാക്ടര്‍ കയറ്റി കൊന്നു.സീതാപൂര്‍ സ്വദേശിയായ ഗ്യാന്‍ ചന്ദ്ര (45) കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണു സ്വകാര്യ പണമിടപാടുകാരനില്‍നിന്നു കടം വാങ്ങിയത്.

ഇനി ഒന്നേകാല്‍ ലക്ഷം രൂപ കൂടി തിരിച്ചടയ്ക്കാനുണ്ട്. ഈ മാസമാദ്യം 35,000 രൂപ അടച്ചിരുന്നു. ബാക്കി അടയ്ക്കാന്‍ ഏതാനും ആഴ്ച കൂടി ശേഷിക്കെയാണു പണമിടപാടുകാരന്‍ രണ്ടു ദിവസങ്ങള്‍ക്കുമുന്‍പു ഗുണ്ടകളെ അയച്ചത്. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് അഞ്ച് ഗുണ്ടകളെത്തി ഗ്യാന്‍ ചന്ദ്രയോട് ട്രാക്ടറിന്റെ താക്കോല്‍ ആവശ്യപ്പെട്ടത്.അടക്കാനുള്ള തുക ഉടന്‍തന്നെ തിരിച്ചടയ്ക്കുമെന്ന് അറിയിച്ചെങ്കിലും അവര്‍ താക്കോല്‍ പിടിച്ചെടുക്കുകയായിരുന്നു.

ട്രാക്ടര്‍ പാടത്തുനിന്ന് ഓടിച്ചുകൊണ്ടുപോകുന്നതിനിടെ ഗുണ്ടകളിലൊരാള്‍ ഗ്യാന്‍ ചന്ദ്രയെ തള്ളി വാഹനത്തിനു മുന്നിലേക്കിട്ടു. ഗ്യാന്‍ ചന്ദ്രയുടെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെ ഗ്യാന്‍ ചന്ദ്ര മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.