ഇന്ത്യന്‍ നായകനായി കോഹ്ലി അധിക കാലം വാഴില്ലെന്ന് സ്മിത്ത്;കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് രംഗത്ത്.മികച്ച കളിക്കാരനാണെങ്കിലും ഇന്ത്യന്‍ നായക സ്ഥാനത്ത് കോഹ്ലി അധിക കാലം കാണുമെന്ന് തോന്നുന്നില്ലെന്ന് സ്മിത്ത് തുറന്നടിച്ചു.

കോഹ്ലി, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും, പക്ഷേ സ്വന്തം കാര്യം മാത്രം നോക്കാതെ സഹകളിക്കാരുടെ കാര്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ടീമിലെ സഹകളിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് സ്മിത്ത് ആരോപിക്കുന്നു.

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്ലിക്കെതിരെ എതിര്‍ ശബ്ദം ഉയര്‍ത്താന്‍ ആരുമില്ലെന്നും, അത്തരത്തിലൊരാള്‍ ടീമില്‍ ഉണ്ടാകണമെന്നും സ്മിത്ത് പറഞ്ഞു. തന്റെ ആശയങ്ങളെ വെല്ലുവിളിക്കാന്‍ കോഹ്ലിക്ക് ഒരാളെ ആവശ്യമുണ്ട്, അങ്ങനെ ഒരാള്‍ ഉണ്ടായാല്‍ മാത്രമേ കോഹ്ലിക്ക് ഉയരങ്ങളിലെത്താനാകുവെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.