മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പിന്മാറി

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടു.താരവും മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയുടെ പുറത്താണ് ഈ പിന്മാറ്റമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സീസണില്‍ ഹോളണ്ട് ക്ലബ്ബായ ആര്‍ കെ സി വാല്‍വിക്കില്‍ നിന്ന് കേരളം സ്വന്തമാക്കിയ സിഫ്‌നിയോസ് മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയില്‍ കാഴ്ച വെച്ച് കൊണ്ടിരുന്നത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത് സ്ഫനിയോസായിരുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സിനായി 11 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ നേടിയിട്ടുള്ള സിഫ്‌നിയോസ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് താരവുമാണ്. പ്രീസീസണ്‍ മത്സരങ്ങളിലും ടീമിന്റെ ടോപ്പ് സ്‌കോറര്‍ ഈ ഇരുപത്തി മൂന്നുകാരനായിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന് ഡച്ച് ക്ലബ്ബുകളുമായുണ്ടായിരുന്ന ബന്ധമാണ് സിഫ്‌നിയോസിനെ കേരളത്തിലെത്തിച്ചത്. ഈ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരമായ സിഫ്‌നിയോസിന്റെ തിരിച്ചുപോക്ക് നിലവില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ പതിനാല് പോയിന്റ് മാത്രം നേടി ഏഴാം സ്ഥാനത്തുള്ള കേരളത്തിന് വന്‍ തിരിച്ചടിയായേക്കും. ദിമിറ്റര്‍ ബെര്‍ബറ്റോവും കെസിറോണ്‍ കിസിറ്റോയും പരിക്കിനെത്തുടര്‍ന്ന് പുറത്ത് നില്‍ക്കുമ്പോള്‍ സിഫ്‌നിയോസും മടങ്ങുന്നത് ഇനിയങ്ങോട്ടുള്ള കേരളം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ സാരമായി ബാധിച്ചേക്കും.