വന്‍ മുന്നേറ്റവുമായി ചരിത്രമെഴുതി സൂചികകള്‍; നിഫ്റ്റി – 11,000, സെന്‍സെക്‌സ് – 36,000 കടന്നു

മുംബൈ:രാജ്യത്തെ പ്രധാന ഓഹരിസൂചികകളില്‍ ഇന്ന് വ്യാപാരമാരംഭിച്ചത് റെക്കോര്‍ഡോടെ. രാജ്യത്തെ അന്‍പതു മുന്‍നിര ഓഹരികളുടെ സൂചികയായ നിഫ്റ്റി ഇതാദ്യമായി 11,000 പിന്നിട്ടപ്പോള്‍, ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 36,000 മായാണ് വ്യാപാരം ആരംഭിച്ചത്.

ലോകത്തെ വന്‍കിട വാണിജ്യ ശക്തികളിലൊന്നായ അമേരിക്കയില്‍ നിലനിന്ന സാമ്പത്തിക പ്രതിസന്ധി മാറിയെന്ന സൂചനകളില്‍ ഏഷ്യന്‍ വിപണികള്‍ കുതിച്ചുയര്‍ന്നതോടെയാണ് ഇന്ത്യന്‍ സൂചികകളും മുന്നേറ്റം നടത്തിയത്.

രാവിലെ 9.20 ന് നിഫ്റ്റി 48.80 പോയിന്റ് നേട്ടത്തോടെ 11,015 എന്ന തലത്തിലെത്തി. സെന്‍സെക്‌സ് ഈ വേള 175.68 പോയിന്റ് ഉയര്‍ച്ചയോടെ 35,973.69 എന്ന തലത്തിലാണ് വ്യാപാരം പുരോഗമിച്ചത്. തൊട്ടുപിന്നാലെ 36,000 ഭേദിച്ച് 36,024.07 എന്ന തലത്തിലേക്ക് സെന്‍സെക്‌സ് വഴിമാറിയതോടെ നിക്ഷേപകര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി.

ബാങ്കിങ്, മെറ്റല്‍ ഓഹരികള്‍ കുതിപ്പു രേഖപ്പെടുത്തി. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക് 2.06 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ് 1.72 ശതമാനം നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീന്‍ തുടങ്ങിയ കമ്പനികള്‍ 1.3 ശതമാനം നേട്ടമുണ്ടാക്കി.

ആഗോള സാമ്പത്തികരംഗത്തെ മികച്ച സൂചനകള്‍ക്കൊപ്പം ജനക്ഷേമ പരിപാടികള്‍ ബജറ്റില്‍ അധികമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും ഓഹരിവിപണിക്കു ശക്തിപകര്‍ന്നെന്നാണു സൂചനകള്‍. 2019 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമാകുമെന്ന് കഴിഞ്ഞ ദിവസം ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.