ജപ്പാനിലെ സ്‌കീ റിസോര്‍ട്ടിനു സമീപം അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; 16 പേര്‍ക്കു പരുക്ക്

ടോക്കിയോ: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്‌സുവിലെ സ്‌കീയിങ് വിനോദകേന്ദ്രത്തിനു സമീപം ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തിലും ഹിമപാതത്തിലും 16 പേര്‍ക്കു പരുക്ക്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.ദുരന്ത വ്യാപ്തി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തുനിന്നു നൂറോളം പേരെ ഒഴിപ്പിച്ചു.

കുസാറ്റ്‌സു-ഷിറൈന്‍ അഗ്‌നിപര്‍വതം പൊട്ടിയതിനു പിന്നാലെയുണ്ടായ ഹിമപാതത്തില്‍ ഒരാളെ കാണാതായതായി ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ പ്രദേശത്ത് സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട ആറു ജപ്പാന്‍ സൈനികരെ ഹിമപാതത്തില്‍നിന്നു രക്ഷപ്പെടുത്തി. 2014 സെപ്റ്റംബറില്‍ ജപ്പാനിലെ മൗണ്ട് ഓണ്‍ടേക്കിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ 63 പേര്‍ മരിച്ചിരുന്നു.

അതേസമയം, സമീപകാലത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെ ജപ്പാനിലെ നിരവധി മേഖലകളില്‍ ഇപ്പോഴും തുടരുന്നത്.ടോക്കിയോയില്‍ തിങ്കളാഴ്ച 23 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടായി. 2014 ഫെബ്രുവരിക്കു ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ടോക്കിയോയെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിട്ടുണ്ട്.

ആയിരക്കണക്കിനു പേരാണു നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ യാത്രാസൗകര്യം നിലച്ചു ദുരിതത്തിലായത്. തിങ്കളാഴ്ച മാത്രം 700ല്‍ പരം റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടോക്കിയോയിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ നരീറ്റയില്‍ 9,000ല്‍ അധികം പേരാണു കുടുങ്ങിയത്.