സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി; സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി.സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അതേസമയം, നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയെങ്കിലും പിഎസ്സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. ടാക്‌സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കില്‍ സഹകരിക്കുന്നതിനാല്‍ പൊതുഗതാഗതം സ്തംഭിക്കും. ഓട്ടോ ടാക്‌സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്.

പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നത് സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും ഇന്നത്തെ എഴുത്തു പരീക്ഷകള്‍ മാറ്റി.