കിട്ടാകടങ്ങളില്‍ നിന്നും ബാങ്കുകളെ രക്ഷിക്കാന്‍ കേന്ദ്രം 2,10,000 കോടി മുടക്കുന്നു ; ലക്ഷ്യം കടം വാങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരെ രക്ഷിക്കാന്‍

വിലക്കയറ്റം കാരണം രാജ്യത്തെ സാധരണക്കാര്‍ കഷ്ട്ടപ്പെടുമ്പോള്‍ കുത്തക മുതലാളിമാരെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി കോര്‍പ്പറേറ്റ് കമ്പനികള്‍ വാങ്ങിയ കടങ്ങള്‍ എഴുതി തള്ളാന്‍ ബാങ്കുകള്‍ക്ക് 2,10,000 കോടി നല്‍കുവാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.കഴിഞ്ഞ ബജറ്റിൽ ഈ ബാങ്കുകളുടെ മൂലധനത്തിലേക്ക് കോടികൾ ഒഴുക്കി അവയെ രക്ഷിച്ചെടുക്കാനുള്ള നിർ‌ദേശമുണ്ടായിരുന്നു. എന്നാൽ ഇത് നൽകുന്നതിനുള്ള പാക്കേജ് ബുധനാഴ്ച കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി രാജീവ്കുമാർ ദില്ലിയിൽ പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകളിൽ മാത്രം ആറ് ലക്ഷം കോടിയുടെ കിട്ടാക്കടം ഉണ്ടെന്നാണ് കണക്ക്. മൊത്തം ബാങ്കിങ് മേഖലയിലെ കിട്ടാക്കടം 12 ലക്ഷം കോടിയോളം വരുമെന്നും റിപ്പോർട്ടുകളുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തെ ഏറെ ആശങ്കയോടെയാണ് റിസർവ് ബാങ്ക് കാണുന്നത്.

ഒരു പരിധി വരെ ബാങ്കുകളുടെ മൂലധനടിത്തറ പാടെ തകരുന്ന അവസ്ഥയിലാണ്. ചില ബാങ്കുകൾ പൊളിയുമോ എന്ന ശക്തമായ ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തിര രക്ഷാദൗത്യവുമായി ധനമന്ത്രാലയം രംഗത്തെത്തുകയായിരുന്നു. 2017 -18, 2018 -19 എന്നീ സാമ്പത്തിക വർഷങ്ങളിലായി ഘട്ടം ഘട്ടമായാണ് ഈ തുക ബാങ്കുകൾക്ക് കൈമാറുക. ബമ്പർ ലോട്ടറി അടിച്ചിരിക്കുന്നത് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യക്കാണ് . 9232 കോടി രൂപയാണ് ഈ ബാങ്കിന് കിട്ടുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 8800 കോടി രൂപയും ലഭ്യമാക്കും. യൂക്കോ ബാങ്കിന് 6507 കോടിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യക്ക് 5158 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്കിന് 4694 കോടിയും നൽകാനാണ് പദ്ധതി. 3571 കോടി ഓറിയന്റൽ ബാങ്കിനും 3045 കോടി രൂപ ദേന ബാങ്കിനും ലഭിക്കും. മറ്റു ബാങ്കുകളിലേക്കും കോടികൾ ഒഴുക്കും.

ബാങ്കിങ് രംഗത്തെ അന്താരാഷ്ട്ര അകൗണ്ടിങ് മാനദണ്ഡമായ ബാസൽ നിബന്ധനകൾ പാലിക്കുന്നതിൽ ഏതാനും വര്ഷങ്ങളായി ഇന്ത്യയിലെ ബാങ്കുകൾ പിന്നോക്കം പോയിരുന്നു. അക്കൗണ്ടിംഗ് കൃത്രിമങ്ങളിലൂടെ ബാലൻസ് ഷീറ്റ് വെളുപ്പിച്ചു കാട്ടുകയായിരുന്നു പല ബാങ്കുകളും ചെയ്തിരുന്നത്. കിട്ടാക്കടം കണക്കുകളിൽ കാണിക്കാതെ ടെക്‌നിക്കൽ റൈറ്റ്‌ ഓഫ് നടത്തുകയാണ് ചെയ്യുന്നത്. മിക്ക ബാങ്കുകളും വമ്പന്‍ കമ്പനികള്‍ക്ക് ലോണുകള്‍ നല്‍കിയാണ്‌ ഇപ്പോഴുള്ള സ്ഥിതിയില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇവ പിരിച്ചെടുക്കുവാന്‍ വേണ്ട നടപടികള്‍ ഒന്നും തന്നെ ഇവര്‍ ചെയ്യുന്നുമില്ല. അതേസമയം സാധാരണക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്ന പരിപാടിയാണ് ബാങ്കുകള്‍ ചെയ്യുന്നതും.