ടാക്സി വിളിച്ച് യാത്രചെയ്ത ശേഷം കാശ് കൊടുക്കാതെ മുങ്ങിയ യുവതിയെ അന്വേഷിച്ച് പോലീസ് ; താരങ്ങളായ ജയറാമിനെയും ജയസൂര്യയെയും കുടുക്കുവാനും ശ്രമം

കോഴിക്കോട് : മുന്നൂറു കിലോമീറ്റര്‍ കാറില്‍ യാത്രചെയ്ത ശേഷം കാശ് കൊടുക്കാതെ യുവതി മുങ്ങി. കബളിക്കപ്പെട്ടെന്നു മനസിലാക്കിയ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് നിന്ന് ടാക്‌സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയാണ് കഥയിലെ താരം. പോലീസിനെയും കാര്‍ ഡ്രൈവറിനെയും പറ്റിക്കാന്‍ വേണ്ടി തനിക്ക് സിനിമാ താരങ്ങളായ ജയറാമിനെയും ജയസൂര്യയെയും അറിയാമെന്നും കളവു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് യുവതി ടാക്‌സി വിളിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എറണാകുളത്ത് എത്തി. അപ്പോഴാണ് ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജയറാമിന്റെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു. എന്നാല്‍ എങ്കിലും യുവതി മടങ്ങാന്‍ തയ്യാറായില്ല. എട്ടുമണിയായപ്പോള്‍ ജയറാം വന്ന് കാര്യം തിരക്കി. പരിചയമില്ലാത്തതിനാല്‍ പറഞ്ഞയക്കുകയും ചെയ്തു.

തുടര്‍ന്ന് ജയറാമിനെ തനിക്ക് പരിചയമില്ല. ജയസൂര്യയെയാണ് പരിചയം. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന തനിക്ക് കുറച്ച് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നായിരുന്നു യുവതി ഡ്രൈവറെ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം ഡ്രൈവര്‍ ഷിനോജ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ജയറാമിന്റെ വീട്ടില്‍ നിന്ന് മടങ്ങിയ യുവതി പാലാരിവട്ടത്തെ കന്യാസ്ത്രീ മഠത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെയെത്തിയ ശേഷം ഉടന്‍ വരുമെന്ന് പറഞ്ഞ് ഇറങ്ങിയ യുവതി ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. നാലു മണിക്കൂറോളമാണ് യുവതിയെയും കാത്ത് ഡ്രൈവര്‍ മഠത്തിന്‍റെ മുന്‍പില്‍ നിന്നത്. തുടര്‍ന്ന് കന്യാസ്ത്രീ മഠത്തില്‍ ചോദിച്ചപ്പോള്‍ യുവതിയെ അറിയില്ലെന്നും ഒരു വൈദികനെ അനേഷിച്ച് വന്നതാണെന്നുമാണ് അറിഞ്ഞത്. 300ഓളം കിലോമീറ്ററാണ് യുവതി ട്രിപ്പ് വിളിച്ച ശേഷം ടാക്‌സി ഓടിയത്. 8000 രൂപയുടെ ഓട്ടമുണ്ടന്ന് ഷിനോജ് പറയുന്നു.

 

പാലാരിവട്ടം പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം എറണാകുളത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ പണം വാങ്ങി പെട്രോള്‍ അടിച്ച ശേഷമാണ് ഷിനോജ് കോഴിക്കോട്ടേക്ക് തിരിച്ചത്. യുവതിയുടെ ചെറിയ ബാഗ് കാറില്‍ വച്ച് മറന്നിരുന്നു. ഷിനോജ് കോഴിക്കോടെത്തി ടൗണ്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം മുന്‍പ് ചില കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തിയാണ് യുവതി എന്നാണു പോലീസ് പറയുന്നത്. യുവതിയെ തിരിച്ചറിഞ്ഞ പോലീസ് അവരെ സ്റ്റേഷനില്‍ എത്തുവാന്‍ അവശ്യപ്പെട്ടിട്ടുണ്ട്.