കെന്റക്കി സ്‌കൂളില്‍ വെടിവെയ്പ്: 2 പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്
പി.പി. ചെറിയാന്‍
ബെന്റിന്‍ (കെന്റക്കി): ജനുവരി 23 ചൊവ്വാഴ്ച രാവിലെ സെന്റര്‍ മാര്‍ഷല്‍ കൗണ്ടി സ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ 2 കുട്ടികള്‍ മരിക്കുകയും പതിനേഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗവര്‍ണര്‍ മാറ്റ് ബെവിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തു.
വെടിവെയ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചു പേര്‍ക്കുകൂടി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മരിച്ചവര്‍ 15 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികളാണെന്നു പറയപ്പെടുന്നു.
വെടിയേറ്റ 15 വയസ്സുള്ള പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ചും, മറ്റൊരു 15 വയസ്സുകാരന്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്.
രാവിലെ 7.57-നായിരുന്നു സംഭവം. വെടിവെച്ചു എന്നു പറയപ്പെടുന്ന 15 വയസുകാരന്‍ വിദ്യാര്‍ത്ഥിയെ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടിയെ വെടിവെയ്പ് നടത്തുന്നതിനു പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതായും പോലീസ് അറിയിച്ചു.
ഈ ആഴ്ചയില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ സ്‌കൂള്‍ വെടിവെയ്പാണിത്. ഇന്നലെ (ജനുവരി 22 തിങ്കളാഴ്ച) ടെക്സസിലുണ്ടായ വെടിവെയ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 6 തവണ വെടിയേറ്റിരുന്നു. ഈ കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.