ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്നശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി

ന്യൂഡല്‍ഹി:ഡല്‍ഹി ഷഹ്ദരയില്‍ സ്‌കൂള്‍ വാന്‍ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാന്‍ ഷഹ്ദരയിലെ ഐ.ബി.എച്ച്.എസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് കുട്ടിയെ കിഡ്നാപ്പ് ചെയ്യാന്‍ ശ്രമിച്ചു.എന്നാല്‍ ഡ്രൈവര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ വാന്‍ ഡ്രൈവര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു.ശേഷം കുട്ടിയുമായി ബൈക്കില്‍ രക്ഷപ്പെട്ടു.

കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു അക്രമിസംഘം ഉപയോഗിച്ചതെന്നും യു.പി ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നും ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷഹ്ദരയ്ക്ക് സമീപം സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ട് പോയത്.

കുട്ടിയുമായി നാലാളെ പരിചയമുള്ള ആരോ ആണ് കിഡ്നാപ്പിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിച്ച് ബന്ധുക്കള്‍ക്ക് ഇതുവരെ അക്രമി സംഘത്തിന്റെ ഭാഗത്ത് നിന്നും ഫോണ്‍ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.