വാള്‍ട്ട് ഡിസ്നി കമ്പനി 125,000 ജീവനക്കാര്‍ക്ക് 1000 ഡോളര്‍ ബോണസ് നല്‍കും
പി.പി.ചെറിയാന്
ഫ്ലോറിഡാ: വാള്‍ട്ട് ഡിസ്നി കമ്പനി ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വീതം കാഷ് ബോണസ് നല്‍കുമെന്ന് ജനുവരി 23 ചൊവ്വാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 125,000 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇതിനു പുറമെ ജീവനക്കാരില്‍ പഠനം നടത്തുന്നവര്‍ക്ക് 50 മില്യണ്‍ ഡോളറിന്റെ കോളേജ് ട്യൂഷന് ഫീസും നല്‍കുമെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് പുതിയ ടാക്സ് റൂള്‍ ഒപ്പിട്ടു നിയമമാക്കിയതോടെ വാള്‍മാര്‍ട്ട് കമ്പനിയും ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വീതം ബോണസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വംശജരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡിസ്നി വേള്‍ഡിലും വാള്‍മാര്‍ട്ടിലും ജോലി ചെയ്യുന്നത്. അവരെ സംബന്ധിച്ചു ബോണസ് ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. വന്‍കിട കമ്പനികള്‍ക്ക് ലഭിക്കുന്ന ടാക്സ് ആനുകൂല്യമാണ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.